ചെറുതോണി: സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് തിളക്കം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന വ്യാജേന വീടുകളിലെത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേരെ കഞ്ഞിക്കുഴി പോലീസ് പിടികൂടി. ബീഹാര്‍ സ്വദേശികളായ അശോക് ഷാ (38) ബിന്‍കുമാര്‍ പാല്‍ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചില ആഴ്ചകളായി പഴയരിക്കണ്ടം കഞ്ഞിക്കുഴി ഭാഗങ്ങളില്‍ വീടുകളിലെത്തി സ്വര്‍ണ്ണത്തിന് തിളക്കം കൂട്ടി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ കബളിപ്പിച്ചിരുന്നു.പഴയരിക്കണ്ടത്തിന് സമീപം കുടുക്കാക്കണ്ടം മനയത്ത് മത്തായിയുടെ ഭാര്യ ഗ്രേസിയുടെ മാല ഇവര്‍ കൈവശം വച്ചിരുന്ന രാസലായനിയില്‍ മുക്കി തിളക്കം വര്‍ദ്ധിപ്പിച്ചു നല്‍കി. എന്നാല്‍ പിന്നീട് ഇക്കാര്യം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തപ്പോള്‍ തട്ടിപ്പായിരിക്കുമെന്ന് വിചാരിച്ച് പിന്നീട് മാല തൂക്കി നോക്കിയപ്പോഴാണ് ചതിവ് തിരിച്ചറിഞ്ഞത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ കഞ്ഞിക്കുഴി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ദിവസങ്ങളില്‍ തന്നെ കഞ്ഞിക്കുഴിക്ക് സമീപം പ്രഭസിറ്റിയിലുള്ള കുഴിപ്പതാലി സജീവന്റെ വീട്ടിലും തട്ടിപ്പ് നടന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടെ ഇന്നലെ വീണ്ടും പഴയരിക്കണ്ടത്ത് എത്തിയ ഇരുവരേയും സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഞ്ഞിക്കുഴി എസ് ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്.
















