പത്തനാപുരം: നഗരത്തിലെ അപ്രഖ്യാപിത വൈദ്യുതിമുടക്കം ട്രഷറിയില്‍ വന്നവരെ മൂന്ന് മണിക്കൂര്‍ ദുരിതത്തിലാക്കി. അവധിദിനങ്ങള്‍ കഴിഞ്ഞ് ബുധനാഴ്ച രാവിലെ ട്രഷറിയുടെ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ പവര്‍കട്ടായിരുന്നു .മാസാരംഭമായതിനാല്‍ പെന്‍ഷന്‍ വാങ്ങന്‍ വന്നവരും ഉദ്യോഗസ്ഥരും അടക്കം നിരവധിയാളുകളാണ് എത്തിയിരുന്നത്. രാവിലെ പത്തിന് തുടങ്ങിയ വൈദ്യുതിമടക്കം പന്ത്രണ്ട് വരെ തുടര്‍ന്നു. ജനറേറ്ററോ ബാറ്ററിസംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല.
വൈദ്യുതിയില്ലാത്തതിനാല്‍ കമ്പ്യൂട്ടറുകളോ മെഷീനുകളോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഏറെനേരം കാത്തിരുന്നിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്ന് മിക്കവരും മടങ്ങി. പലരും ചവിട്ടുപടിയിലും വരാന്തയിലും കാത്തിരുന്നു. ട്രഷറിയിലെ യുപിഎസ് സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. ജനറേറ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാത്ത ട്രഷറി കെട്ടിടത്തില്‍ മണിക്കൂറുകളോളം കാത്തിരുന്നവര്‍ ഒടുവില്‍ പ്രതിഷേധിക്കുകയും ചെയ്തു. തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതബന്ധം വിച്ഛേദിച്ചതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. എന്നാല്‍ മുന്‍പ് ഓഫീസ് സമയം കഴിഞ്ഞശേഷമായിരുന്നു നഗരത്തിലെ വൈദ്യുതലൈനുകളിലും മറ്റും അറ്റകുറ്റപണികള്‍ നടന്നിരുന്നത്.
















