മലയാള സിനിമയെ നൂതനമായൊരു ആസ്വാദനസംസ്‌കാരത്തിന് വിധേയമാക്കിയ ഭരതന്‍ ഓര്‍മ്മയായിട്ട് ഇന്നലെ 18 വര്‍ഷം പൂര്‍ത്തിയായി. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും, നിരവധി ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിക്കുകയും, ചില ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്ത ഭരതന്‍ മലയാളസിനിമയ്‌ക്ക് കലാസുഭഗതയുടെ സമഗ്രതയാണ് സമ്മാനിച്ചത്.
എന്നും എപ്പോഴും തിരക്കഥയുടെ ആരൂഢത്തില്‍ വിശ്വസിച്ചിരുന്ന ഭരതന്‍ കഥയുടെ ഉള്ളിലേക്ക് ആഴ്ന്നുപോകുന്ന ഫ്രെയിമുകളെയും, അതില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെയും സൃഷ്ടിച്ചുവെച്ചു. ഭരതന്റെ ഓരോ ഫ്രെയിമും ജീവനുള്ള ശില്‍പങ്ങളായിരുന്നു. മലയാളത്തിലെ ശ്രദ്ധേയരായ തിരക്കഥാകാരന്മാരായിരുന്നു ഭരതന് വേണ്ടി എഴുതിയിരുന്നത്. നിത്യജീവിതത്തിന്റെ ഇടനാഴികളില്‍ നിന്നും അവര്‍ പകര്‍ത്തിയെടുത്ത കഥയുടെ ഭാവമുഹൂര്‍ത്തങ്ങളെ കൊണ്ടുവന്ന് തിരശ്ശീലയില്‍ പ്രതിഷ്ഠിക്കുമ്പോള്‍, ഭരതന് അതൊരു ആത്മബലിയോളമെത്തുന്ന നിര്‍വൃതി കൂടിയായിരുന്നു.
അത്രമാത്രം വൈകാരികതയോടെയും സ്വയം നഷ്ടപ്പെട്ടുമാണ് അദ്ദേഹം അത് നിര്‍വഹിച്ചിരുന്നത്.
ഏതൊരു എഴുത്തുകാരന്റെയും ഭാവനാലോകത്തിലേക്ക് കടന്നുചെല്ലാനും തന്റെ സങ്കല്‍പത്തിനിണങ്ങുന്ന അല്ലെങ്കില്‍ താന്‍ തേടുന്നതായ ദൃശ്യസംസ്‌കാരത്തെ പിടിച്ചെടുക്കാനും ഭരതന് കഴിയുമായിരുന്നു. എംടി മുതല്‍ ജോണ്‍ പോള്‍ വരെയുള്ള ഭരതന്റെ തിരക്കഥാകൃത്തുക്കള്‍ മലയാളത്തിലെ എക്കാലത്തെയും പ്രതിഭാസമ്പന്നരായ എഴുത്തുകാരായിരുന്നു. കറുപ്പിലും വെളുപ്പിലും ചാലിച്ചെടുത്ത ‘പ്രയാണ’ത്തില്‍ നിന്നുമാണ് ആ പേര് അന്വര്‍ത്ഥമാക്കും വിധം ഭരതന്റെ സംവിധാനജീവിതവും യാത്ര തുടങ്ങുന്നത്.
ആത്മസംഘര്‍ഷങ്ങളുടെ തീക്ഷ്ണമുഹൂര്‍ത്തങ്ങളെ സന്നിവേശിപ്പിക്കുന്ന ‘പ്രയാണ’ത്തിന്റെ തിരക്കഥ ഒരുക്കിയത് അന്നത്തെയും എന്നത്തെയും മോഹിപ്പിക്കുന്ന എഴുത്തുകാരനായ പി.പത്മരാജനായിരുന്നു. അമ്പലവും ആല്‍ത്തറയും നമ്പൂതിരിയില്ലവും, ജീവിതത്തിന്റെ നിരര്‍ത്ഥകതയെ ആഘോഷിക്കുന്ന ക്ഷുഭിതയൗവനവും ചേര്‍ന്ന രംഗപഥങ്ങളിലൂടെ സമൂഹത്തിന്റെ വിലക്കുകള്‍ ഭേദിച്ചുപോകുന്ന തീക്ഷ്ണപ്രണയത്തെയാണ് പത്മരാജന്‍ വരച്ചുവെച്ചത്. കഥാപാത്രങ്ങളുടെ അന്തസ്സംഘര്‍ഷങ്ങളെ അത്യന്തം സൂക്ഷ്മമായി ആവിഷ്‌കരിച്ച പ്രയാണം പോലെ മറ്റൊരു സിനിമ മലയാളത്തില്‍ അപൂര്‍വമാണ്. ഒരു തുടക്കക്കാരനെയല്ല, ഭരതന്‍ തന്നെ നിര്‍മ്മാതാവിന്റെ വേഷവുമണിഞ്ഞ ഈ സിനിമയുടെ സംവിധായകനില്‍ കാണാന്‍ കഴിഞ്ഞത്.
പത്മരാജനും ഭരതനും സംഗമിച്ച സിനിമകള്‍ പിന്നെയും ഉണ്ടായി. രതിനിര്‍വേദം, ലോറി, തകര, ഈണം, ഒഴിവുകാലം എന്നിവ വൈകാരികതീക്ഷ്ണതയുടെ ഭാവസ്പര്‍ശം കൊണ്ട് സമ്പന്നമായിരുന്നു. സാഹിത്യത്തിലെന്നപോലെ തിരക്കഥയിലും ജീവിതത്തിന്റെ തിളച്ചൊഴുകുന്ന അമ്ലലഹരി പകരുവാന്‍ പത്മരാജന്‍ ശ്രദ്ധിച്ചപ്പോള്‍, അനുയോജ്യമായ അഭിനേതാക്കളിലൂടെ അനുഭൂതിജന്യമായ ആവിഷ്‌കാരതലങ്ങളിലേക്ക് അതത്രയും പകര്‍ത്തിയെടുക്കാന്‍ ഭരതന്റെ സംവിധാനമികവിനു സാധിച്ചു. പ്രതാപ് പോത്തന്‍, അച്ചന്‍കുഞ്ഞ്, ജയഭാരതി എന്നിവരെല്ലാം ഈ ചിത്രങ്ങളിലൂടെ തങ്ങളുടെ മാറ്റുരക്കുകയും ചെയ്തു.
അപൂര്‍വസുന്ദരമായ കളര്‍ടോണുകളിലാണ് ഇവ ഓരോന്നും ഭരതന്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതുതന്നെ വികാരങ്ങളുടെ ലയവിന്യാസത്തെ ഭാവഭദ്രമായി അപഗ്രഥിക്കുവാനും മനസ്സിന്റെ അന്തര്‍സന്നിവേശങ്ങളെ തൊട്ടുണര്‍ത്തുവാനും ഭരതനുള്ള കഴിവാണ് സൂചിപ്പിക്കുന്നത്. വെയിലും കടലും ആകാശവും പ്രകൃതിയുടെ സമ്മിശ്രഭാവങ്ങളും ചിതറിത്തെറിക്കുന്ന ചടുലമായ ഷോട്ടുകളും എല്ലാം ഭരതന്‍ ഇതിനുവേണ്ടി സമര്‍ത്ഥമായി ഉപയോഗിച്ചു.
സമൃദ്ധമായ തന്റെ സാഹിത്യലോകത്തുനിന്നുമാണ് പത്മരാജന്‍ സിനിമയിലേക്കിറങ്ങിവരുന്നതെങ്കില്‍, ജോണ്‍ പോള്‍ ബാങ്ക് ഉദ്യോഗം വലിച്ചെറിഞ്ഞായിരുന്നു സിനിമയിലെത്തിയത്. ഭരതനൊപ്പം ഏറ്റവും കൂടുതല്‍ ഒത്തുചേര്‍ന്നത് ജോണ്‍ പോളായിരുന്നു. സാഹിത്യമായിരുന്നില്ല തട്ടകമെങ്കിലും ആസ്വാദകമനസ്സില്‍ നിന്നുകൊണ്ട് ചിന്തിക്കാനും അവരുടെ സ്പന്ദനങ്ങള്‍ പിടിച്ചെടുക്കുവാനും ജോണ്‍ പോളിനുള്ള കഴിവാണ് അദ്ദേഹത്തെ ഭരതന്റെ തിരക്കഥാകാരന്മാരില്‍ ഒന്നാമനാക്കുന്നത്. ചാമരം മുതലാണ് തുടക്കം. ഈ കൂട്ടുകെട്ടിന്റെ ബാലകൃഷ്ണന്‍ മങ്ങാടിന്റെ നോവലെറ്റിനെ ആധാരമാക്കി ഒരുക്കിയ കാമ്പസ് ചലച്ചിത്രമായ ‘ചാമരം’ ആയിരുന്നു ഇവരുടെ പ്രഥമസംരംഭം.
കൗമാരപ്രണയത്തിന്റെ ആസക്തഭരിതമായ ഭാവങ്ങളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാര്‍ത്ഥിയുടെയും, പ്രണയനഷ്ടത്തില്‍ പെട്ട് ആടിയുലയുന്ന അദ്ധ്യാപികയുടെയും അത്യന്തം വികാരതീവ്രമായ ദുരന്തചിത്രണമായിരുന്നു ചാമരം.
തുടര്‍ന്ന്, അദ്ധ്യാപക ദമ്പതിമാരുടെ സ്‌നേഹമുറിവുകളെയും ഏകാന്തതയെയും നിഷ്‌കളങ്കമായ രംഗവിതാനങ്ങളിലൂടെ അവതരിപ്പിച്ച ‘മിന്നാമിനുങ്ങിന്റെ നുറങ്ങുവെട്ടം’, വധശിക്ഷ വിധിക്കാന്‍ നിയോഗിതനാവുന്ന ജഡ്ജിയുടെ റിട്ടയര്‍മെന്റ് ജീവിതത്തിലെ അശാന്തമായ മാനസികഭാവങ്ങള്‍ ചിത്രീകരിച്ച ‘സന്ധ്യ മയങ്ങും നേരം’, സംസാരശേഷിയില്ലാത്ത ഒരു ശില്‍പിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതദുരന്തവും ഒറ്റപ്പെടലും വരച്ചുവെച്ച ‘ഓര്‍മ്മക്കായ്’, നക്‌സലൈറ്റ് രാഷ്‌ട്രീയത്തില്‍ തകര്‍ന്നുടഞ്ഞുപോയ ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’, സ്‌നേഹവൈരാഗ്യങ്ങളുടെ ചുഴിയില്‍ പെട്ടുഴലുന്ന ജീവിതങ്ങളെ ചേര്‍ത്തുവെച്ച ‘കാതോടുകാതോരം,’ നാടകം തന്നെ ആത്മാവും ജീവിതവുമായി കരുതി അരങ്ങില്‍ ജീവിച്ചുമരിയ്‌ക്കുന്ന എസ്തപ്പനാശാന്റെയും ശിഷ്യന്‍ ആന്റോയുടെയും കഥയായ ‘ചമയം’ എന്നിവയെല്ലാം ജോണ്‍ പോള്‍ എന്ന എഴുത്തുകാരന്‍ ഭരതനെന്ന സംവിധായകനില്‍ എത്രമാത്രം സ്ഫുടപാകമാകുന്നുവെന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങളില്‍ ചിലതാണ്.
‘ഒരു സായാഹ്നത്തിന്റെ സ്വപ്നം’, ‘മാളൂട്ടി’ എന്നിവയും ഭരതന്റെ സംവിധാനചാരുതയില്‍ ജോണ്‍ പോളിലെ തിരക്കഥാകാരനെ അടയാളപ്പെടുത്തിയ സിനിമകളാണ്. ഭരത് ഗോപി, പ്രതാപ് പോത്തന്‍, മാധവി, മുരളി, മനോജ് കെ. ജയന്‍ എന്നിവരുടെ അഭിനയസിദ്ധിയെ ഊറ്റിയെടുത്ത് കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് ക്യാമറ തിരിക്കുകയായിരുന്നു ഇവയിലെല്ലാം ഭരതന്‍. ഇതിലെ പലതും പ്രദര്‍ശനവിജയം നേടാതിരുന്നപ്പോഴും തന്റെ കലാസങ്കല്‍പത്തിന്റെ വഴിത്താര മാറ്റിവരക്കുവാന്‍ ഭരതന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇണങ്ങിയും പിണങ്ങിയും കലഹിച്ചും സ്‌നേഹിച്ചും ജോണ്‍ പോള്‍ ഭരതന്‍ കൂട്ടുകെട്ട് സാര്‍ത്ഥകമാക്കിയ അഭ്രകാവ്യങ്ങള്‍ മലയാളത്തിലെ നിത്യവിസ്മയങ്ങളായി അവശേഷിക്കുന്നു.
മലയാളസാഹിത്യത്തിന്റെ പെരുന്തച്ചന്‍ കൂടിയായ എം.ടി.വാസുദേവന്‍ നായര്‍ ഭരതന്റെ രണ്ടു ചിത്രങ്ങള്‍ക്കാണ് തിരക്കഥയെഴുതിയത്. മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ‘വൈശാലി’ക്ക് എംടി സിനിമകളുടെ സ്വതസിദ്ധമായ കരുത്തുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഭരതന്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്വപ്നമായിരുന്നു വൈശാലിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത്.
കത്തുന്ന വരള്‍ച്ചയും പൗരോഹിത്യധ്വംസനത്തില്‍ അരഞ്ഞുതീരുന്ന ദേവദാസീപ്രണയവും എംടിയുടെ തൂലികയില്‍ ഭദ്രമായപ്പോള്‍, പൗരാണികമായ ദൃശ്യചാരുതയും പശ്ചാത്തലസംഗീതത്തിലടക്കം സൂക്ഷ്മത പുലര്‍ത്തിക്കൊണ്ടുള്ള രംഗവിന്യാസവും ഒരുക്കിക്കൊണ്ടാണ് വൈശാലിയെ ഭരതന്‍ സാക്ഷാത്കരിച്ചത്.
മനുഷ്യമനസ്സിലെ നിഗൂഢമായ വില്ലനിസത്തെ അതിന്റെ സൂക്ഷ്മാംശങ്ങളിലൂടെ പിന്തുടരുന്ന ‘താഴ്‌വാരം’ മന്ദവിളംബിതമായ ആഖ്യാനത്തിലൂടെ വ്യക്തിയുടെ ആന്തരികവിക്ഷോഭത്തെ സമര്‍ത്ഥമായി പിന്തുടരുന്ന ഒരു സിനിമയാണ്. നാമമാത്രമായ കഥാപാത്രങ്ങളിലൂടെ, നിശ്ശബ്ദതയുടെ സൗന്ദര്യത്തിനും ധ്വനനഭംഗിക്കും പ്രാധാന്യം നല്‍കിയുള്ള എംടിയുടെ ഒതുക്കമാര്‍ന്ന തിരക്കഥയ്‌ക്ക് അട്ടപ്പാടി മലനിരകളുടെ വന്യവും സാന്ദ്രവുമായ ദൃശ്യസമൃദ്ധിയെ പശ്ചാത്തലമാക്കിക്കൊണ്ട് ഭരതന്‍ നല്‍കിയ ദൃശ്യവ്യാഖ്യാനം മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതത്തിലെ സുവര്‍ണ്ണരേഖകളിലൊന്നുകൂടിയായിരുന്നു.
ജീവിതസംഘര്‍ഷങ്ങളെയും വൈകാരികഭാവങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാറുള്ള റിയലിസ്റ്റിക്ക് എഴുത്തുകാരനായ ലോഹിതദാസ് ഭരതനുമായി മൂന്ന് ചിത്രങ്ങളിലാണ് ഒരുമിച്ചത്. നറുനിലാവ് പെയ്യുന്ന മനോഹരമായ നാട്ടുചിത്രണങ്ങളിലൂടെ, വള്ളുവനാടിന്റെ ദൃശ്യപ്പൊലിമയത്രയും സൂക്ഷ്മമായി ഒപ്പിയെടുത്ത “’വെങ്കല’മായിരുന്നു ഇതില്‍ ശ്രദ്ധേയം. ചില കുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രാചീനമായൊരു സമ്പ്രദായത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളില്‍ സംഭവിക്കുന്ന ഇടര്‍ച്ചകളും തകര്‍ച്ചയുമായിരുന്നു ലോഹിയുടെ വെങ്കലം പറഞ്ഞത്.
മുരളിയും മനോജ് കെ. ജയനും കെ.പി.എ.സി. ലളിതയും നിറഞ്ഞുനിന്ന അഭിനയമുഹൂര്‍ത്തങ്ങളിലൂടെ അവിസ്മരണീയമാക്കിയ ഈ ചിത്രവും ഭരതന്റെ പ്രതിഭയുടെ മാറ്റ് വിളിച്ചോതുന്നതായിരുന്നു.
ലോഹിതദാസിന്റെ തന്നെ ‘അമര’വും ‘പാഥേയ’വും അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ആഴങ്ങളെ രണ്ടു വ്യത്യസ്ത തലങ്ങളിലൂടെ സമീപിക്കുന്നതായിരുന്നു. ഒന്നില്‍ മകളെ ആത്മതുല്യം സ്‌നേഹിച്ച അച്ചൂട്ടിയെന്ന അരയനെയും, മറ്റൊന്നില്‍ സ്വന്തം മകളെ മറ്റൊരാളുടെ മകളായി വളര്‍ത്തേണ്ടിവരുന്ന ചന്ദ്രദാസ് എന്ന എഴുത്തുകാരനെയും മമ്മൂട്ടി അനശ്വരമാക്കി.
രണ്ടു ചിത്രങ്ങളും കടന്നുപോകുന്ന സംഘര്‍ഷാത്മകമായ ഭാവസ്ഥലികളിലേക്ക് അതിനിണങ്ങുന്ന പശ്ചാത്തലം കൂടി ഒരുക്കിയെടുക്കാന്‍ ഭരതനെന്ന സംവിധായകന്‍ കാണിച്ചിരിക്കുന്ന കൃതഹസ്തത അതിമനോഹരമാണ്.ചില ചിത്രങ്ങളുടെ (ചിലമ്പ്, നിദ്ര, സന്ധ്യ മയങ്ങും നേരം) രചനാപങ്കാളിത്തം കൂടി നിര്‍വഹിച്ചിട്ടുള്ള ഭരതന് നല്ല എഴുത്തുകാരോട് എന്നും സവിശേഷമായ താല്‍പര്യമുണ്ടായിരുന്നു. തന്റെ സിനിമകളില്‍ സാഹിത്യാംശത്തിന് പ്രാധാന്യം നല്‍കാനുള്ള താല്‍പര്യമായിരിക്കാം പ്രഗത്ഭരായ തിരക്കഥാകൃത്തുകളെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
‘അണിയറ’ ഉറൂബിന്റെ നോവലായിരുന്നു. ഉറൂബിന്റെ തന്നെയായിരുന്ന തിരക്കഥയും. ‘ഗുരുവായൂര്‍ കേശവന്‍’ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ മൂലകഥക്ക് ഗോവിന്ദന്‍കുട്ടിയുടെ തിരക്കഥയും ‘കാറ്റത്തെ കിളിക്കൂട്’ നെടുമുടി വേണുവിന്റെ കഥക്ക് ടി.ദാമോദരന്റെയും തിരക്കഥയുമായിരുന്നു. ‘പറങ്കിമല’ കാക്കനാടന്റെ നോവലിനെ ആസ്പദമാക്കിയായിരുന്നുവെങ്കില്‍ കാക്കനാടന്റെ തന്നെ അടിയറവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഏറെ ശ്രദ്ധനേടിയ ‘പാര്‍വതി’. ‘പ്രണാമം’ ഡെന്നീസ് ജോസഫും ‘ചുരം’ ഷിബു ചക്രവര്‍ത്തിയുമാണ് എഴുതിയത്. ‘ചാട്ട’ പി.ആര്‍.നാഥന്റെയും ‘ചിലമ്പ്’ എൻ.ടി. ബാലചന്ദ്രന്റെയും നോവലുകളായിരുന്നു. ‘ആരവം’ ഭരതന്റെ തന്നെ രചനയായിരുന്നു.
എഴുത്തുകാരോടും എഴുത്തിനോടും ഉള്ള ഭരതന്റെ ഈ കൗതുകം ഗാനങ്ങളിലും കാണാം. കേളിയിലെയും താഴ്‌വാരത്തിലെയും അടക്കം ആറു പ്രശസ്ത ചലച്ചിത്രഗാനങ്ങള്‍ക്കാണ് ഭരതന്‍ സംഗീതം നല്‍കിയിട്ടുള്ളത്. മാത്രമല്ല, പി.ഭാസ്‌കരന്‍, കാവാലം, ഒഎന്‍വി, കൈതപ്രം, എം.ഡി.രാജേന്ദ്രന്‍ എന്നിവരുടെ കവിത തുളുമ്പുന്ന വരികളെ തന്റെ സിനിമകളില്‍ ചേര്‍ത്തുവെക്കാനും ഭരതന്‍ ശ്രദ്ധിച്ചിരുന്നു.
സങ്കല്‍പത്തിനനുസൃതമായ ദൃശ്യവിന്യാസത്തിനും അതിന്റെ ഭാവപൂര്‍ത്തിക്കും കാവ്യാത്മകമായ ഈരടികളുടെ അനുഗ്രഹം ആവശ്യമാണെന്ന് അദ്ദേഹം കരുതിയിരുന്നിരിക്കണം. ചില രാഗങ്ങളോടും നിറങ്ങളോടെന്നവണ്ണം ഭരതന് അഭിനിവേശമുണ്ടായിരുന്നു. ഈ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളിലൂടെ പശ്ചാത്തലസംഗീതമൊരുക്കി സിനിമയുടെ വികാരങ്ങളിലേക്ക് പ്രേക്ഷകനെ ഒഴുക്കിക്കൊണ്ടുപോകാന്‍ ഭരതന്‍ ശ്രമിച്ചിരുന്നു.
ചിത്രകാരന്‍, ശില്‍പി, എഴുത്തുകാരന്‍, സംവിധായകന്‍, സംഗീതകാരന്‍ എന്നിങ്ങനെ അനേകം ഭാവങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ട ഒരു പ്രതിഭാസമന്വയം ഭരതനിലുണ്ടായിരുന്നു. സിനിമയുടെ സമ്മിശ്രഭാവങ്ങളിലേക്ക് ചിതറിക്കിടക്കുന്ന ഈ കലാവ്യക്തിത്വങ്ങളെ ഏകീഭവിപ്പിക്കാനും തന്റെ സൃഷ്ടികളില്‍ പ്രയോജനപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
കലാപരമായ പൂര്‍ണ്ണതയ്‌ക്കുവേണ്ടിയുള്ള ഈ ധ്യാനമാണ് ഭരതനെ അരാജകതയോളം തീവ്രസൗന്ദര്യമുള്ള ഒരു പ്രതിഭാശാലിയാക്കിത്തീര്‍ക്കുന്നത്. എന്നാല്‍, ഭരതന്റെതെന്ന് ചേര്‍ത്തുവെക്കാന്‍ ഇഷ്ടപ്പെടാത്ത സിനിമകള്‍ക്കും അദ്ദേഹം നിന്നുകൊടുത്തിട്ടുണ്ട്. നിലനില്‍പിന്റെയും അതിജീവനത്തിന്റെയും പ്രതിസന്ധികളില്‍ ഉലഞ്ഞുപോയ കുടുംബസ്ഥന്‍കൂടിയായ ഒരു കലാകാരന്റെ ഒത്തുതീര്‍പ്പുകള്‍ മാത്രമായേ അവയെ കാണാനാവൂ.
മുഖ്യധാരാ സിനിമക്കകത്ത് നില്‍ക്കുമ്പോഴും ഒത്തുതീര്‍പ്പില്ലാത്തവണ്ണം തന്റെ ചലച്ചിത്രശൈലിയെ മുറുകെ പിടിക്കാന്‍ ഭരതന്‍ അപ്പോഴും ശ്രമിച്ചിരുന്നു. കടന്നുപോയിട്ട് ഇത്ര വര്‍ഷങ്ങളായിട്ടും ഭരതന്‍ അവശേഷിപ്പിച്ച ആ ഇടം ഇപ്പോഴും ശൂന്യമായിതന്നെ കിടക്കുകയാണ്. നിരവധി ശിഷ്യന്മാര്‍ ഭരതനുണ്ടായിരുന്നുവെങ്കിലും അവരാരും അദ്ദേഹത്തെ കടന്നുപോയില്ല. പ്രതിഭാശേഷിയില്‍ അവരാരും ഒട്ടും പിറകിലായിരുന്നില്ല. പക്ഷെ, ഭരതന്റെ പ്രതിഭയുടെ സമഗ്രത അത്രമാത്രം ഔന്നത്യമുള്ളതായിരുന്നു. അതുകൊണ്ടാണ് ആ കലാകാരന്‍ തന്റെ സൃഷ്ടികളിലൂടെ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. കാലാതീതനാകുകയെന്നതാണല്ലോ ഒരു പ്രതിഭക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: