പുല്‍പ്പള്ളി : കാട്ടാന കൃഷിയിടത്തില്‍ വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പധികൃതര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ കര്‍ഷക പ്രതിരോധ സമിതി തീരുമാനം. കാട്ടാന കൃഷിയിടത്തില്‍ ചരിഞ്ഞ സംഭവത്തില്‍ തുടക്കം മുതലേ ദുരൂഹത നിലനില്‍ക്കുന്നതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. രോഗബാധിതനായി ശയ്യാവലംബിയായ കുടുംബനാഥനും വയോധികയായ കുടുംബിനിയും മാത്രമാണ് കൃഷിയിടത്തില്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഒരു തോക്ക് എടുത്തുയര്‍ത്താന്‍ സാധിക്കുകയില്ലെന്ന യാഥാര്‍ഥ്യം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇത് മറച്ചുവെച്ചാണ് വനംവകുപ്പ് കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്.
വനം വകുപ്പ് ആനയെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആറില്‍ പറയുന്ന കാര്യങ്ങളൊക്കെ ശുദ്ധ അസംബന്ധങ്ങളാണ്. വെടിവയ്ക്കാനുപയോഗിച്ചതെന്നു കരുതപ്പെടുന്ന വെടിമരുന്നുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഫോറന്‍സിക്ക് വിഭാഗം കണ്ടെത്തിയത് കൃഷിയിടത്തിനരികില്‍ നിന്നാണ്. ഇവ വനത്തില്‍ ഉപേക്ഷിച്ചശേഷം വേട്ടസംഘം പോയി എന്നു പറയുന്നത് പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കലാണ്. കഴിഞ്ഞ മെയ് 30ന് കുറിച്യാട് വനത്തില്‍പ്പെട്ട ബത്തേരി നാലാം മൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞതിന്റെ പേരില്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് വനപാലകര്‍ വ്യക്തമാക്കണം. കാപ്പിക്കുന്നില്‍ കൃഷിയിടത്തിന്റെ ഉടമ പ്രതിയാണെങ്കില്‍ നാലാം മൈല്‍ സംഭവത്തില്‍ കേസെടുക്കേണ്ടത് കുറിച്യാട് റെയ്ഞ്ച് ഓഫീസര്ക്കെതിരെയല്ലെയെന്നും സമിതി ഭാരവാഹികള്‍ പറയുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന തിരകള്‍ അവരുടെ വീടുകളില്‍ നിന്നല്ല കിട്ടിയത് എന്ന് പറയുന്നതില്‍ ദുരൂഹത ഉണ്ട്. വനപാലകരുടെ വാദഗതികള്‍ പലതും യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ആദ്യപരിശോധനയില്‍ നിറതോക്കുകൊണ്ടാണ് ആനയെ വെടിവച്ചതെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നത് തിരതോക്കുകൊണ്ടാണ് കൃത്യം നിര്‍വഹിച്ചതെന്നാണ്. ആനയുടെ പോസ്റ്റുമാര്‍ട്ടത്തില്‍ കെണ്ടത്തിയ വെടിയുണ്ടകള്‍ ഈ വൈരുദ്ധ്യമാണ് ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വെടിയുണ്ടകള്‍ ഒരേ സമയം കയറണമെങ്കില്‍ അത് നിറതോക്കുകൊണ്ടേ സാധ്യമാകൂ. വസ്തുതകള്‍ മറച്ചു വയ്ക്കാല്‍ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ വനപാലകരില്‍ ഉള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണെന്നും കര്‍ഷക പ്രതിരോധ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: