കല്‍പ്പറ്റ : വയനാട് ജില്ലാ കലക്ടറെ മാറ്റിയതില്‍ വന്‍ ഗൂഢാലോചന നടന്നതായും ഇതിന് സിപിഎം മറുപടി പറയണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാകമ്മിറ്റി. മെഡിക്കല്‍ കോളേജ് വിഷത്തില്‍ മുന്നോട്ട്പോയതും ക്വാറി-ഖനി മാഫിയ സംഘങ്ങളെ നിയന്ത്രിച്ചതും ബഹുനില കെട്ടിട നിയന്ത്രണം കൊണ്ടുവന്നതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. വയനാട് ജില്ലയുടെ മാനസ്സറിഞ്ഞ കളക്ടറാണ് കേശവേന്ദ്രകുമാറെന്ന് ബിജെപി വയനാട് ജില്ലാകമ്മിറ്റി വിലയിരുത്തി.
സിപിഎം ദുഷ്ടലാക്കോടെയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍ പറഞ്ഞു.
വയനാടിനെ ഹരിതാഭമാക്കുന്നതിനായി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേശവേന്ദ്രകുമാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ ഓര്മ മരം പദ്ധതി വയനാടന്‍ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. ജില്ലയുടെ പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇടപെട്ട് ബഹുനിലകെട്ടിട നിയന്ത്രണം കൊണ്ടുവന്ന് ജില്ലാക്ഷേമത്തിന് മുന്‍തൂക്കം നല്കിയ കളക്ടറാണ് കേശവേന്ദ്രകുമാറെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതിയും പ്രതികരിച്ചു. അദ്ദേഹത്തെ സ്ഥലം മാറ്റിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. എന്‍.ബദുഷ, തോമസ് അമ്പലവയല്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി വയനാട്ടില്‍ സിറ്റിംഗിന് എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട് കലക്ടര്‍ കേശവേന്ദ്രകുമാറിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വയനാട്ടിലെ ആദിവാസി വിഷയങ്ങള്‍ പരിഹരിക്കാന്‍ കേശവേന്ദ്രകുമാര്‍ പ്രത്യേക താല്പര്യമെടുക്കുന്നുണ്ടെന്ന് കമ്മിഷന് അംഗം ജസ്റ്റീസ് സിറിയക് ജോസഫ് പരസ്യമായി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: