മുനി തന്റെ തപസ്സ് തുടർന്നു. അല്ലയോ ഭാരതവർഷത്തിന് കീർത്തിയുണ്ടാക്കിയ രാജാവേ, ഇതാണ് നരനാരായണന്മാരുടെ തപസ്സിന്റെ കഥ. ഈ നരനും നാരായണനുമാണ് അർജ്ജുനനും കൃഷ്ണനുമായി അവതാരമെടുത്ത് ദുഷ്ടനിഗ്രഹം ചെയ്തത്. അതിന് നിമിത്തമായത് ഭൃഗു മഹർഷിയുടെ ശാപമായിരുന്നു.
ജനമേജയൻ പറഞ്ഞു: ‘മഹാമുനേ, എനിക്ക് കൃഷ്ണാവതാര കഥകൾ കേൾക്കാൻ ധൃതിയായി. എനിക്കാണെങ്കിൽ അനേകം സംശയങ്ങളും ഉണ്ട്. ഹരിയും അനന്തനും ജന്മം നൽകിയ ദേവകീ വസുദേവന്മാർക്ക് അതിയായ ദുഃഖമാണല്ലോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്? അതിനു കാരണമെന്താണ്? മഥുരയിൽ ജനിച്ച കൃഷ്ണൻ വളർന്നത് ഗോകുലത്തിൽ. കംസനിഗ്രഹം കഴിഞ്ഞു വാണത് ദ്വാരകയിൽ. അദ്ദേഹം തന്റെ പിതാക്കന്മാരുടെ രാജ്യം വേണ്ടെന്നു വച്ച് മറ്റൊരിടത്ത് തന്റെ സാമ്രാജ്യം ഉണ്ടാക്കിയത് എന്തിനാണ്? ഹരിയുടെ കുലം മുടിയാൻ ബ്രാഹ്മണശാപമാണ് കാരണം എന്ന് കേട്ടിട്ടുണ്ട്. അതെങ്ങിനെ സംഭവിച്ചു? ഭഗവാനും പാർത്ഥനും ചേർന്ന് ദുഷ്ടന്മാരെ ഏറെ കൊന്നൊടുക്കി. അങ്ങനെ ഭൂമിയുടെ ഭാരം കുറയ്‌ക്കാൻ കഴിഞ്ഞു. എന്നാൽ അവർക്ക് ഭഗവാൻ ഹരിയുടെ സ്വന്തം ഭാര്യമാരെ കൊള്ളയടിച്ചവരിൽ നിന്നും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.!
ഭീഷ്മർ, ദ്രോണർ, കർണ്ണൻ തുടങ്ങിയവരെല്ലാം മരിച്ചുവെങ്കിലും കള്ളന്മാരായ പലരും പിന്നെയും ബാക്കിയായില്ലേ? കൃഷ്ണപത്‌നിമാർക്ക് എന്തിനാണ് ഭാഗവാൻ ഇവ്വിധം ദുഃഖം നൽകിയത്? അതും കൂടാതെ ഭഗവാന്റെ പിതാവ് വസുദേവർ അന്തരിച്ചത് പുത്രശോകം സഹിക്കാഞ്ഞല്ലേ? ധർമ്മിഷ്ഠരായ പാണ്ഡവരും ദുഃഖമേറെ അനുഭവിച്ചു. പാഞ്ചാലിയുടെ കഥയും അതിദാരുണം തന്നെ. സാക്ഷാൽ ലക്ഷിയുടെ അംശമായ ദ്രൗപദി സഭാമദ്ധ്യത്തിൽ അപമാനിക്കപ്പെട്ടു.
രജസ്വലയായ ആ രാജകുമാരിയെ ദുശ്ശാസനൻ സഭയിലിട്ടു വലിച്ചിഴച്ചു. സിന്ധു രാജാവ് വനവാസ സമയത്ത് അവളെ പീഡിപ്പിച്ചു. കീചകൻ അവളെ ശല്യപ്പെടുത്തി. അവളുടെ അഞ്ചു പുത്രന്മാരെയും ആശ്വത്ഥാമാവ് വധിച്ചു കളഞ്ഞു. സുഭദ്രയുടെ മകനും ചെറു പ്രായത്തിലേ മരണപ്പെട്ടു. കംസൻ ദേവകിയുടെ ആറു മക്കളെയല്ലേ കൊന്നത്? അതൊന്നും തടയാൻ ഭഗവാനായ കൃഷ്ണന് കഴിഞ്ഞില്ലേ? ഭഗവാന്റെ സ്വന്തം യാദവകുലമാണെങ്കിൽ പ്രഭാസത്തിൽ വെച്ച് നശിച്ചുപോയി. ഭഗവാന്റെ പത്‌നിമാരെ കൊള്ളക്കാർ ആക്രമിച്ചു!
(തുടരും)
















