മുക്കം: പന്നിക്കോട് ലൗ ഷോര്‍ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ കുട്ടികളെ നേരില്‍ കാണാന്‍ പ്രസിദ്ധ സിനിമാ താരം സുരാജ് വെഞ്ഞാറുമൂട് എത്തി. എപ്പോഴും ടിവിയില്‍ കാണുന്ന അവരുടെ ഇഷ്ട നടനെ പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യവും വന്നില്ല. നടനെ നേരില്‍ കാണാന്‍ ലഭിച്ച അവസരം കുട്ടികള്‍ തീര്‍ത്തും മുതലാക്കി. കൈ പിടിച്ചു കുലുക്കിയും തമാശകള്‍ പറഞ്ഞും സിനിമാ ഡയലോഗുകള്‍ പരസ്പരം പറഞ്ഞും പാട്ടു പാടിയും ഹരം പകര്‍ന്നു. സിനിമയിലെ ഒട്ടുമിക്ക നടി നടന്മാരുടെ ശബ്ദങ്ങളും സുരാജ് കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ഇനിയും നിങ്ങളെ നേരില്‍ കാണാന്‍ അവസരം ഉണ്ടാകുമോ എന്ന കുട്ടികളുടെ ചോദ്യത്തിന് തീര്‍ച്ചയായും ഈ ലൗഷോറില്‍ ഇനിയും ഞാന്‍ വന്നിരിക്കും എന്നായിരുന്നു സുരാജിന്റ മറുപടി.
സ്ഥാപനത്തിലെത്തിയ സുരാജിനെ ലൗഷോര്‍ ജനറല്‍ സെക്രട്ടറി യു.എ.മുനീര്‍ ,പി.ടി.എ പ്രസിഡണ്ട് ബംഗാളത്ത് അബ്ദുറഹിമാന്‍ ,പ്രിന്‍സിപ്പല്‍ സുനീന ടീച്ചര്‍ ,അക്കാഡമിക്ക് ഡയറക്ടര്‍ ജിമോന്‍ ,ആമിന ടീച്ചര്‍ ,ഗഫൂര്‍ എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
















