കോഴിക്കോട്: ഏഴ് വയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ പട്ടിണിയ്‌ക്കിട്ട് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. മരണപ്പെട്ട അദിതിയുടെ സഹോദരനെയും അയല്‍വാസികളെയും ഇന്നലെ വിസ്തരിച്ചത്. തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അദിതി കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ശങ്കരന്‍ നായര്‍ മുമ്പാകെ വിചാരണ നടന്നത്. അദിതിയെയും തന്നെയും പ്രതികളായ പിതാവും രണ്ടാനമ്മയും മര്‍ദ്ദിച്ചിരുന്നതായി അദിതിയുടെ സഹോദരന്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. പ്രതികള്‍ രണ്ട് കുട്ടികളെയും ക്രൂരമായ രീതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അദിതിയുടെ അമ്മ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ സഹോദരന്‍ ശ്രീജിത്തും കോടതിയെ അറിയിച്ചു.
പ്രതികളായ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഭാര്യ റംല ബീഗം എന്ന ദേവിക എന്നിവര്‍ മക്കളെ ശാരീരികമായി ഉപദ്രവിക്കുന്നത് പലതവണ കണ്ടതായും ഇത് സംബന്ധിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അയല്‍വാസികളായ രമേശ് എസ് കുറുപ്പ്, മുരളി, സുഭാഷ് എന്നിവര്‍ കോടതിയില്‍ അറിയിച്ചു. അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാക്ഷികളെ ഇന്ന് വിസ്തരിക്കും.
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അദിതിയെന്ന ബാലികയുടെ ദാരുണ മരണം. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29 നാണ് ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അദിതി മരണത്തിന് കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്‌ക്കുതാഴെ സാരമായി പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്.
കേസില്‍ അറസ്റ്റിലായ സുബ്രഹ്മണ്യനും റംല ബീഗവും നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നെങ്കിലും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ദിവസം തന്നെ സുബ്രഹ്മണ്യന്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് പിടിയിലായിരുന്നു. തുടര്‍ന്ന് റംല ബീഗവും കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
















