കല്‍പ്പറ്റ : വയനാട് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാറിന് സ്ഥാന ചലനം. ബി എസ് തിരുമേനിയാണ് ജില്ലയുടെ പുതിയ കളക്ടര്‍. കേശവേന്ദ്രകുമാര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 12 കലക്ടര്‍മാര്‍ക്കും സ്ഥാനചലനമുണ്ട്. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേശവേന്ദ്രകുമാറിന് നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍, ഫുഡ്സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ നല്കി. നേരത്തെ ഹയര്‍സെക്കറി ഡയറക്ടറായിരുന്നു. ബീഹാറുകാരനായ കേശവേന്ദ്രകുമാര്‍ പാലാ സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 22ാം വയസ്സില്‍ ഐ. എ. എസ്. ലെത്തിയ കേശവേന്ദ്രകുമാര്‍ ബീഹാറിലെ നേപ്പാള്‍ അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന സീതാമര്‍ഹി ജില്ലക്കാരനാണ്. ഡോ. രാമേശ്വര്‍ ഝായുടെയും മൈഥിലി ദേവിയുടെയും മൂന്നുമക്കളില്‍ ഇളയവനായ കേശവേന്ദ്രകുമാര്‍ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 23ാം വയസ്സില്‍ എറണാകുളം അസിസ്റ്റന്റ് കലക്ടറായാണ് കേരളത്തിലെ ആദ്യനിയമനം. 2014 ഫെബ്രുവരി 17നാണ് കേശവേന്ദ്രകുമാര്‍ വയനാട് കലക്ടറായി ചുമതലയേറ്റത്.
വയനാട്ടില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ ബഹുനില കെട്ടിട നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഓര്‍മമരം പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ യുവ കലക്ടറാണ് കേശവേന്ദ്രകുമാര്‍. ആദിവാസികള്‍ക്ക് നല്‍കാനായുള്ള ഭൂമി ഏറ്റെടുക്കലിലും മറ്റ് നടപടികളിലും ആഴിമതി ആരോപണത്തിന്റെ കറ പുരളാത്ത കലക്ടറാണ് വി. കേശവേന്ദ്രകുമാര്‍.
പിന്നാക്ക ജില്ലയായ വയനാട്ടില്‍ ആദിവാസി ഭൂമി വിതരണമടക്കമുള്ള സങ്കീര്‍ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വി. കേശവേന്ദ്രകുമാറിനെ വയനാട് കലക്ടറായി നിയമിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജോലി ചെയ്യുവാന്‍ അദേഹത്തിന് സാധിച്ചത് സാധാരണക്കാര്‍ക്കിടയിലും അദേഹത്തെ അഭിമതനാക്കി. കഴിഞ്ഞ മൂന്നു ദിവസമായി വയനാട്ടില്‍ സിറ്റിംഗിന് എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട് കലക്ടര്‍ കേശവേന്ദ്രകുമാറിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വയനാട്ടിലെ ആദിവാസി വിഷയങ്ങള്‍ പരിഹരിക്കാന്‍ കേശവേന്ദ്രകുമാര്‍ പ്രത്യേക താല്പര്യമെടുക്കുന്നുണ്ടെന്ന് കമ്മിഷന് അംഗം ജസ്റ്റീസ് സിറിയക് ജോസഫ് പരസ്യമായി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേശവേന്ദ്രകുമാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ ഓര്മ മരം പദ്ധതി വയനാടന്‍ ചരിത്രതാളുകളില്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: