തിരുനെല്ലി : ജില്ലയില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനായി ഇന്നലെ വന്‍ തിരക്കായിരുന്നു. നഗരങ്ങളെല്ലാം ഗതാഗത തിരക്കില്‍ വീര്‍പ്പുമുട്ടി. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പാപനാശിനിക്കരയിലും പൊന്‍കുഴി ശ്രീരാമക്ഷേത്രപരിസരത്തെ നൂല്പ്പഴയുടെ കരയിലുമാണ് ജില്ലയില്‍ പ്രധാന മായും പിതൃതര്‍പ്പണം നടത്തിയത്. പിതൃതര്‍പ്പണത്തിനായി തിങ്കളാഴ്ച്ചയോടെതന്നെ തിരുനെല്ലിയിലേക്കും പൊന്കുഴിയിലേക്കും ആയിരങ്ങള്‍ എത്തിയിരുന്നു. പിതൃസ്മരണയില്‍ ബലിതര്‍പ്പണത്തിനായി തെക്കന്‍കാശിയായ തിരുനെല്ലി പാപനാശിനികരയില് എത്തിയത് പതിനായിരങ്ങളാണ്. ഇന്നലെ പുലര്‍ച്ചേ 2.30ന് തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങ് ഉച്ചക്ക് ഒരു മണിവരെ നീണ്ടു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പിതൃക്കളുടെ മോഷത്തിനായി ബലിതര്‍പ്പണം നടത്തേണ്ടത് വിഷ്ണു പാദങ്ങളിലാണെന്നാണ് വിശ്വാസം. മരണാനന്തരം മോക്ഷ പ്രപ്തിക്കായി മൂന്ന് തലമുറ ഒരാള്‍ക്കായി ബലിയിടണമെന്നാണ് ശാസ്ത്രം. കുംഭമാസത്തിലേയും തുലാമാസത്തിലെയും വാവു ബലിയേക്കാള്‍ മഹത്തരമാണ് കര്‍ക്കിടക വാവു ബലി. അതിനാല്‍ വിഷ്ണു പാദങ്ങളില്‍ ബലിയര്‍പ്പിക്കാന്‍ തിരുനെല്ലി പാപനാശിനി കരയില്‍ എത്തിയത് പതിനായിരങ്ങളാണ്. ബലിതര്‍പ്പണത്തിനായി തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ തന്നെ ഭക്തര്‍ തിരുനെല്ലിയിലെത്തിയിരുന്നു. എ.സി. നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പതിനൊന്ന് വാദ്യാര്മാരാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അനുകൂല കാലാവസ്ഥയും ഭക്തര്‍ക്ക് അനുഗ്രഹമായി. ദേവസ്വം സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്നു. തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള സ്വകാര്യടാക്സി വാഹനങ്ങളും കാട്ടിക്കുളത്ത് പോലീസ് ചെക്ക്പോസ്റ്റ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിന് സമാനമായ രീതിയില്‍ തോല്‍പ്പെട്ടി വഴി തിരുനെല്ലിക്കുള്ള ഗതാഗതവും പനവല്ലി വഴിയുള്ള ഗതാഗതവും തടഞ്ഞിരുന്നു. നിശ്ചിത സമയത്തിനുമുമ്പ് എത്തുന്ന വാഹനങ്ങള്‍ അമ്പലത്തിനു സമീപം റോഡരികില്‍ പാര്‍ക്ക ്ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ഈ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് സമീപത്തേയ്ക്കും, ആശ്രമം സ്കൂള്‍ റോഡിലേക്കും പാര്‍ക്കിംഗിനായി മാറ്റി. കാട്ടിക്കുളം, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍നിന്ന് കെഎസ്ആ ര്‍ടിസി പ്രതേ്യകം ചെയിന്‍ സര്‍വ്വീസ് നടത്തി. ജില്ലയ്ക്ക് പുറത്തുള്ള ഡിപ്പോകളില്‍ നിന്നും കൂടുതലായി ബസ്സുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിറ്റിപിസി തിരുനെല്ലിയിലുള്ള വിശ്രമകേന്ദ്രം തീ ര്ത്ഥാടകരുടെ ഉപയോഗത്തിനായി വിട്ടുനല്‍കിയിരുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി വാവുബലിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം തിരുനെല്ലിയിലെ കര്‍ക്കിടകവാവു ബലി കുറ്റമറ്റതാക്കി.ദേവസ്വം അധികൃതര്‍ക്കൊപ്പം,സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു, എഡിഎം കെ. രാജു, താഹസില്‍ദാര്‍ ഇ.പി. മേഴ്സി തുടങ്ങിയവരുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ്, മാനന്തവാടി ഡിവൈഎസ്പി അസൈനാറുടെ നേതൃത്വത്തില്‍ പോലീസ് വകുപ്പ്,വനം, ആരോഗ്യം, കെഎസ്ഇബി, റവന്യു, ഗതാഗത വകുപ്പുകളുടെ ഏകോപനവും മികവുറ്റ പ്രവര്‍ത്തനവും ഇത്തവണത്തെ തിരുനെല്ലിയിലെ കര്‍ക്കിടകവാവു ബലി കുറ്റമറ്റതാക്കി. ആരോപണങ്ങള്‍ക്കിട നല്കാതെയുള്ള വാവുബലിയാണ് തിരുനെല്ലിയില്‍ നടന്നത്. ഇവരെ കൂടാതെ വിവിധ സന്നദ്ധ സംഘടന പ്രവര്ത്തകരുമണ്ടായിരുന്നു. ദേവസ്വംവകുപ്പ് സൗജന്യ ഭക്ഷണ സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണ ക്ഷേത്രവും ക്ഷേത്രനടയും പാപനാശിനികരയും സിസിടിവി നീരീക്ഷത്താലായിരുന്നു. ഇതിനോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് വിമുക്ത പരിപാടിയും നടത്തിയിന്നു. നടന് കലാഭവന്‍ മണിയ്ക്ക് ബലിതര്‍പ്പണത്തിനായി സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് തിരുനെല്ലിയില്‍ എത്തിയിരുന്നു.
പൊന്‍കുഴി : പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിനായി ഭക്തജനങ്ങള്‍ക്കായി ബത്തേരി പഞ്ചായത്ത് സ്റ്റാന്റില്‍നിന്ന് പുലര്‍ച്ചെ നാല് മണിമുതല്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ഉണ്ടായിരുന്നു. ക്ഷേത്രപരിസരത്തും മുത്തങ്ങ ചെക്പോസ്റ്റുകളിലും ബത്തേരി പഞ്ചായത്ത് ബസ്സ്റ്റാന്റിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഫയര്‍ഫോഴ്സിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ സജ്ജീകരണങ്ങല് ഏര്‍പ്പെടുത്തിയിരുന്നു. മുത്തങ്ങ മുതലുള്ള ചെക്പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ചെക്പോസ്റ്റ് അധികൃതരും വൈദ്യുതി തടസ്സമില്ലാതെ ലഭിക്കാനുള്ള ക്രമീകരണം കെ എസ്ഇബിയും നല്കി. നൂല്‍പ്പുഴ പിഎച്ച്സി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.
മാനന്തവാടി : വടേരി ശിവക്ഷേത്രത്തി്ല് പിതൃതര്‍പ്പണം വള്ളിയൂര്‍ക്കാവ് പുഴയുടെ തീരത്ത് നടന്നു. രാവിലെ അഞ്ചുമണിമുതല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് കുറിച്യന് മൂല നാരായണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം നല്കി. ക്ഷേത്രം പ്രസിഡന്റ് വി .ശ്രീവത്സന്‍, സെക്രട്ടറി സി.കെ.ശ്രീധരന്, വി.ആര്.മണി, എം.കെ. സുരേന്ദ്രന്, പി.പി.സുരേഷ്, കെ.എം.പ്രദീപ് ,എ.കെ.സുദര്ശനന്, എ.കെ.വിജയന്, കെ.ജയദേവന്തുടങ്ങിയവര് നേതൃത്വം നല്കി.
മീനങ്ങാടി: മലക്കാട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന കര്‍ക്കിടക വാവ് ബലിയില്‍ ശ്രീ: ബാലചന്ദ്രന് ആചാരിയുടെ നേത്രത്വത്തില്‍ ആയിരത്തോളം പേര് പങ്കെടുത്തു രാവിലെ അഞ്ചരയോടെ തുടങ്ങിയ ചടങ്ങുകളില്‍ നൂറിലധികം പേര് പങ്കെടുത്തു.ക്ഷേത്രം കമ്മറ്റി പ്രസിഡണ്ട് രവീന്ദ്രനാഥ് സെക്രട്ടറി മുരളീധരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: