അടുക്കളയിലും വേണം ഹെല്‍ത്തി ടിപ്സ്
പാചകത്തില്‍ ചിലര്‍ക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കാറില്ലേ? എന്നാല്‍ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമര്‍ത്ഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകള്‍ ആരോഗ്യകരം കൂടിയാകുമ്പോള്‍ പാചകം പൂര്ണതയിലെത്തും.
പച്ചക്കറികളും പഴങ്ങളും
1 നേന്ത്രക്കായ്, വാഴയ്ക്ക എന്നിവ കറി വയ്ക്കാനായി അധികം തൊലികളയാതെ മുറിക്കുക, തൊലിയിലാണ് വിറ്റാമിനുകള്‍ കൂടുതലുള്ളത്.
2 ചെറുപയര്‍, മുതിര, സോയാപയര്‍ എന്നിവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കുക.
3 തഴുതാമയില, കുടകനില, മുരിങ്ങയില, മത്തനില, പയറില, വള്ളി ചീരയില എന്നിവ യഥേഷ്ടം ഉപയോഗിക്കാം. വാഴക്കൂമ്പ് ഉപയോഗിക്കുമ്പോള്‍ വിരിഞ്ഞ വാഴപ്പൂവും എടുക്കാം. പൂവിന്റെ നടുക്കുള്ള കട്ടിയുള്ള നാര് മാറ്റിയിട്ട് ബാക്കി ഭാഗം മുറിച്ച് കറിയിലും കട്ലറ്റിലും ചേര്‍ക്കുക.
4 അവിയലില്‍ അല്പം തൈരു ചേര്‍ത്താല്‍ രുചിയും ഗുണവുമേറും. വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ ഓട്സ് പൊടിയോ, കോണ്ഫ്ളേറോ, അരിപ്പൊടിയോ, മൈദയോ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
5 കുറുമ തയാറാക്കുമ്പോള്‍ കുരുമുളക് വറുത്തു ചതച്ചതും അല്പം രംഭയിലയും കൂടി ചേര്‍ത്താല്‍ സ്വാദു കൂടും.6 ആഹാരത്തില്‍ നാരുള്ള ഭക്ഷണം ധാരാളം ഉള്‍പ്പെടുത്തുക. വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയില്‍ ധാരാളം നാരുണ്ട്. വാഴയ്ക്കാ തൊലികൊണ്ടും തോരനുണ്ടാക്കാം.
7 മിക്സഡ് വെജിറ്റബിള്‍ കറിയില്‍ അല്പം ബ്രഡ് പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.
8 തക്കാളി പെട്ടെന്ന് പഴുക്കാന്‍ ബ്രൗണ്‍ പേപ്പര്‍ ബാഗിലിട്ട് ഇരുട്ടത്ത് വയ്ക്കുക.
9 പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാനീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവച്ചാല്‍ പുതുമ തിരികെ കിട്ടും.
10 കാരറ്റ് കുറുകെ മുറിക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടെന്നു വേവും. ഗ്യാസും ലാഭിക്കാം.
11 പച്ചക്കറികള്‍ തുറന്നുവച്ചു വേവിക്കരുത്. പോഷകഘടകങ്ങള്‍ നഷ്ടപ്പെടും.
12 വാഴപ്പിണ്ടി കറുക്കാതിരിക്കാന്‍ അരിഞ്ഞ് മോരിലിട്ടുവച്ചാല് മതി.
13 പച്ചക്കറികള്‍ അരിയുമ്പോള്‍ കൈയിലെ കറ കളയാന്‍ വാഴപ്പഴത്തിന്റെ തൊലി കൊണ്ടു അമര്‍ത്തിതുടച്ചാല്‍ മതി.
14 ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.
15 മത്തങ്ങാ മുറിക്കുമ്പോള്‍ വിത്തിന്റെ ഇടയിലുള്ള നാരുപോലുള്ള ഭാഗം (മത്തങ്ങാേച്ചാറ്) കളയണ്ട. ഇതെടുത്തു സാലഡോ മത്തങ്ങാ ചട്നിയോ തയാറാക്കാം.
16 ചെറുപഴം കൂടുതലുള്ളപ്പോള്‍ നന്നായി ഉണക്കി വച്ചിരുന്നാല്‍ വളരെനാള്‍ കേടാകാതിരിക്കും. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.
17 സവാള വഴറ്റുമ്പോള്ത്തന്നെ അല്പം ഉപ്പ് ചേര്‍ക്കുക. വേഗം വഴന്നുകിട്ടും. ഇങ്ങനെ എണ്ണയുടെ ഉപയോഗം കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: