ആധുനിക ചിത്രകലയില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു സെയ്ദ് ഹൈദര്‍ റാസ. ചായപ്പലകയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ചിത്രകാരന്. ചിത്രരചനയില്‍ ബിന്ദുക്കളിലൂടെയുള്ള പര്യവേഷണമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ആത്മീയതയുമായി അദ്ദേഹം ബിന്ദുക്കളെ ബന്ധിപ്പിച്ചു. ബിന്ദുക്കള്‍, ത്രികോണങ്ങള്‍, വൃത്തങ്ങള്‍ എന്നിവകൊണ്ട് തന്റെ ചിത്രങ്ങളില്‍ അദ്ദേഹം കൈയൊപ്പ് ചാര്‍ത്തി. പഞ്ചതത്വത്തില്‍ അധിഷ്ഠിതമായിരുന്നു റാസയുടെ ചിത്രങ്ങളിലെ നിറഭേദങ്ങള്‍. ചുവപ്പ്, നീല, കറുപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ ആ ചിത്രങ്ങള്‍ കൂടുതല്‍ തിളങ്ങി.
മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ 1922 ഫെബ്രുവരി 22നായിരുന്നു എസ്.എച്ച്. റാസയുടെ ജനനം. ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന സൈദ് മുഹമ്മദ് റാസിയായിരുന്നു പിതാവ്. 1946 ലാണ് സലോണിലെ ബോംബെ ആര്‍ട്ട് ഗ്യാലറിയില്‍ ഏകാംഗ ചിത്രപ്രദര്‍ശനം നടത്തുന്നത്. 1950-53 കാലഘട്ടത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ ഇ കോള്‍ നാഷണല്‍ സുപ്പീരിയര്‍ ഡെസ് ഡ്യൂക്ക്സ് ആര്‍ട്സില്‍ ഉന്നത പരിശീലനം നേടി. പഠനശേഷം യൂറോപ്പില്‍ ചുറ്റിസഞ്ചരിച്ചു. നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.
1956 ല്‍ ഫ്രാന്‍സിലെ പരമോന്നത കലാബഹുമതിയായ പ്രിക്സ് ഡേ ലാ ക്രിട്ടിക്ക് പുരസ്കാരം നേടുന്ന ആദ്യത്തെ ഫ്രഞ്ചുകാരനല്ലാത്ത ചിത്രകാരനായി റാസ.
കണ്ടും ചെയ്തും മടുത്ത ചിത്രരചനാശൈലിയില്‍ നിന്നും പുറത്തുകടന്ന് ചിത്രരചനയില്‍ പുതിയ ദിശ കണ്ടെത്തണമെന്ന ആഗ്രഹം ശക്തമാകുന്നത് 70 കാലഘട്ടത്തിലാണ്. അങ്ങനെയാണ് റാസ ഭാരതത്തിലേക്ക് മടങ്ങുന്നത്. അജന്ത,എല്ലോറ ഗുഹകള്‍ കണ്ടും, ബനാറസിലൂടെയും ഗുജറാത്തിലൂടെയും രാജസ്ഥാനിലൂടെയും നടത്തിയ യാത്രകളാണ് ഭാരതീയ സംസ്കാരത്തെ അടുത്തറിയുന്നതിനും പഠിക്കുന്നതിനും സഹായകമായത്.
ആ അന്വേഷണം ചെന്നവസാനിച്ചത് ബിന്ദുവിലാണ്. ഒരു ചിത്രകാരന് എന്ന നിലയിലുള്ള പുനര്‍ജന്മമാണ് ബിന്ദുക്കളിലൂടെ അദ്ദേഹം നേടിയത്. കുട്ടിക്കാലത്തെ ഒരനുഭവവും അദ്ദേഹത്തെ ബിന്ദുക്കളിലേക്ക് അടുപ്പിച്ചുവെന്നും പറയാം. സ്കൂളില്‍ പഠിക്കുന്ന സമയത്ത് വേണ്ടത്ര ഏകാഗ്രതയില്ലാത്ത, വികൃതിയായ കുട്ടിയായിരുന്നു റാസ. അന്ന് ടീച്ചറായിരുന്ന നന്ദലാല്‍ ഝാരിയ നല്കിയ ശിക്ഷ ബ്ലാക് ബോര്‍ഡില്‍ അടയാളപ്പെടുത്തിയ ബിന്ദുവിലേക്ക് ഏകാഗ്രമായി നോക്കിയിരിക്കുകയെന്നതായിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിച്ചുവരുന്ന ബിന്ദുവിന് ബോധപൂര്‍വ്വമല്ലെങ്കിലും കുട്ടിക്കാലത്തെ ആ അനുഭവവും ഒരു കാരണമാകാം. തന്റെ ചിത്രങ്ങളില്‍ ബിന്ദുക്കളിലൂടെ മൂര്‍ത്തമായ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുകയായിരുന്നു റാസ.
ജ്യാമിതീയ അബ്സ്ട്രാക്ട് ചിത്രങ്ങള്‍ വേഗത്തില്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധനായിരുന്നു എസ്. എച്ച്. റാസ. തത്വചിന്തയും പ്രപഞ്ചശാസ്ത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഇഴചേര്‍ന്നുനിന്നു. ഏതെങ്കിലും ഒരാശയത്തില്‍ അടിയുറച്ചുനില്‍ക്കുകയെന്നതായിരുന്നു റാസ സ്വജീവിതത്തില്‍ പകര്‍ത്തി, മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയ പാഠം. ഒരു കലാകാരനെ പൂര്‍ണനാക്കാന്‍ ഒരാശയം മതിയെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഒരു ആശയത്തില്‍ നിന്നുകൊണ്ട് അതിന്റെ വിഭിന്ന ഭാവങ്ങള്‍ കണ്ടെത്തുകയായിരുന്നു റാസ തന്റെ ജീവിതത്തിലുടനീളം.
കാലദേശങ്ങളേയും പ്രകൃതിയേയും പുരുഷനേയും ആധാരമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളേറെയും. അമൂര്‍ത്തവും അഗാധവുമായ ആ ചിത്രങ്ങള്‍ പൂര്‍ണമായിരുന്നു.
തന്റെ സൃഷ്ടികളെല്ലാം ആന്തരികമായ അനുഭവത്തിന്റേയും പ്രപഞ്ചനിഗൂഢതകളും ഉള്‍പ്പെട്ടുകൊണ്ടുള്ളതാണ്. നിറങ്ങളിലൂടെയും വരകളിലൂടെയും അത് രേഖപ്പെടുത്തുന്നുവെന്നാണ് എസ്.എച്ച്. റാസ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഭാരതചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരില്‍ ഒരാളായിരുന്നു എസ്.എച്ച്. റാസ. അത്രയും ഔന്നത്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. അദ്ദേഹം വരച്ച സൗരാഷ്ട്ര എന്ന ചിത്രം 2010 ല്‍ 16.42 കോടി രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്. മാതൃരാജ്യത്തോടുള്ള ആദരസൂചകമായി 1983 ലാണ് റാസ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സൗരാഷ്ട്ര കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത് അക്രലിക് മാധ്യമത്തിലാണ്.
നിറങ്ങളുടെ സംയോജനം ആരിലും അത്ഭുതമുളവാക്കും. ബിന്ദു എന്നത് അദ്ദേഹത്തിന് നിറങ്ങളുടെ ഭക്തിയായിരുന്നു. മനസ്സിനെതന്നെയാണ് ബിന്ദുവിലൂടെ അദ്ദേഹം അനാവരണം ചെയ്തിരുന്നത്. താന്ത്രിക് ചിത്രരചനാശൈലിയോട് സാമ്യമുള്ളതായിരുന്നു റാസയുടെ പെയിന്റിങ്ങുകള്‍. മറ്റൊരു സൃഷ്ടിയായ ലാ ടെറ 2014 ല്‍ 18.61 കോടി രൂപയ്ക്കാണ് വിറ്റത്.
പാരിസില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് സഹപാഠിയും പില്കാലത്ത് ലോക പ്രശസ്ത ശില്പിയുമായി മാറിയ ജനീന് മോന്‍ഗില്ലറ്റായിരുന്നു ജീവിതസഖി. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, ആറ് ദശാബ്ദക്കാലം ഫ്രാന്‍സില്‍ കഴിഞ്ഞ റാസ, 2002 ല്‍ ഭാര്യയുടെ മരണശേഷമാണ് ഭാരതത്തില്‍ തിരിച്ചെത്തുന്നത്. വര്‍ഷങ്ങളോളം ഫ്രാന്‍സിലായിരുന്നുവെങ്കിലും അദ്ദേഹം ഭാരതപൗരത്വം ഉപേക്ഷിച്ചിരുന്നില്ല എന്നത് സ്വരാജ്യത്തോടുള്ള അഗാധമായ സ്നേഹത്തിന്റെ തെളിവാണ്.
യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ റാസ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇതിനായി അദ്ദേഹം റാസ ഫൗണ്ടേഷനും തുടക്കം കുറിച്ചിരുന്നു. കൂടാതെ എഫ്.എന്‍. സൗസ, കെ.എച്ച്. ആര, എം.എഫ്. ഹുസൈന്, എച്ച്.എ.ഗാഡെ, എസ്.കെ ബത്റെ എന്നീ പ്രതിഭകള്‍ക്കൊപ്പം ചേര്‍ന്ന് ബോംബെ പ്രോഗസ്സീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. പരമോന്നത ബഹുമതികളായ പത്മശ്രീ(1981), പത്മഭൂഷണ്‍(2007), പത്മവിഭൂഷണ്‍(2013), ലളിതകലാ അക്കാദമി വിശിഷ്ടാംഗത്വവും നല്കി ഭാരതം അദ്ദേഹത്തെ ആദരിച്ചിരുന്നു.
മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍ 1981 ല്‍ നേടി. ഭാരതീയ ദര്‍ശനങ്ങളിലേക്ക് ചിത്രകലയെ ചേര്‍ത്തുപിടിച്ച ഇതിഹാസ ചിത്രകാരനെയാണ് എസ്.എച്ച്. റാസയുടെ വിയോഗത്തിലൂടെ നഷ്ടമായത്. എങ്കിലും അദ്ദേഹം അടയാളപ്പെടുത്തിയ ബിന്ദുക്കള്‍ കാലാതിവര്‍ത്തിയായി നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: