തിരുനെല്ലി : സംസഥാനത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം കര്‍ക്കിടക വാവ് ബലിക്കായി ഒരുങ്ങിയതായി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദന്‍, പാരമ്പര്യ ട്രസ്റ്റി, പി.ബി.കേശവദാസ് എന്നിവര്‍ അറിയിച്ചു.
ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെ 2.30 മുതല്‍ പാപനാശിനിയില്‍ ബലിതര്‍പ്പണം ആരംഭിക്കും. പാപനാശിനിയിലും ബലിസാധന വിതരണ കൗണ്ടറുകള്‍ ഉണ്ടാകും. ചടങ്ങുകള്‍ക്ക് കൂടുതല്‍ വാധ്യാന്മാരെ നിയമിക്കും. രാവിലെയും രാത്രിയിലും ദേവസ്വം സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ബലിതര്‍പ്പണം ആഗസ്റ്റ് രണ്ടിന് ഉച്ചവരെ ഉണ്ടാകും. 2016 ലെ കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പലത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സബ് കളക്ടര്‍ ശീറാം സാബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ശേഷം തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന എല്ലാ സ്വകാര്യടാക്സി വാഹനങ്ങളും കാട്ടിക്കുളത്ത് വച്ച് പോലീസ് ചെക്ക്പോസ്റ്റ് ഉപയോഗിച്ച് തടയാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന് സമാനമായ രീതിയില്‍ തോല്‍പ്പെട്ടി വഴി തിരുനെല്ലിക്കുള്ള ഗതാഗതവും പനവല്ലി വഴിയുള്ള ഗതാഗതവും തടയും. ഇതേ നിയന്ത്രണം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 2 മണി വരെ ഉണ്ടായിരിക്കും.നിശ്ചിത സമയത്തിനു മുമ്പ് എത്തുന്ന വാഹനങ്ങള്‍ അമ്പലത്തിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഈ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് സമീപത്തേയ്ക്കും, ആശ്രമം സ്കൂള്‍ റോഡിലേക്കും പാര്‍ക്കിംഗിനായി മാറ്റുന്നതാണ്.ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ കാട്ടിക്കുളം, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്.ടി.സി. പ്രതേ്യകം ചെയിന്‍ സര്‍വ്വീസ് നടത്തും. ആളുകള്‍ നിറയുന്നതനുസരിച്ച് ബസ്സുകള്‍ പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുന്നതിനാവശ്യമായ ബസ്സുകള്‍ ഉറപ്പു വരുത്തും. ഇതിനായി വയനാട് ജില്ലയ്ക്ക് പുറത്തുള്ള ഡിപ്പോകളില്‍ നിന്നും ആവശ്യമായ ബസ്സുകള്‍ കൂടുതലായി ഏര്‍പ്പെടുത്തും.
അന്യ ജില്ലകളില്‍ നിന്നുള്ള സ്പെഷ്യല്‍ ബസ്സുകള്‍ ഉറപ്പാക്കും. ഡി.റ്റി.പി.സി. തിരുനെല്ലിയിലുള്ള വിശ്രമ കേന്ദ്രം തീര്‍ത്ഥാടകരുടെ ഉപയോഗത്തിനായി വിട്ടു നല്‍കും. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി വാവുബലിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൊണ്ടുവരുന്നത് ഭക്തജനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്ന് സബ് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: