തൊടുപുഴ: ഓടയില്‍ വീണ മധ്യവയസ്‌കനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപെടുത്തി. മണക്കാട് മഠത്തിന്‍മേല്‍തൊട്ടിയില്‍ രാധാകൃഷ്ണന്‍(44)നാണ് തൊടുപുഴ പാപ്പുട്ടി ഹാളിനു പിന്നിലെ ഓടയില്‍ വീണത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ഓടയില്‍ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്. രാധാകൃഷ്ണന്റെ നിലവിളി കേട്ടാണ് സമീപത്തുള്ളവര്‍ ഓടിയെത്തിയത്. 15 അടി താഴ്ചയിലിറങ്ങി രക്ഷപെടുത്താന്‍ നാട്ടുകാര്‍ക്ക് സാധിക്കാഞ്ഞതിനെ തുടര്‍ന്ന് വിവരം തൊടുപുഴ പോലീസ് സ്‌റ്റേഷനിലറിയിച്ചു. പോലീസാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടുവാഹനങ്ങളും ആംബുലന്‍സുമെത്തി. ലാഡര്‍ ഇറക്കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും 15അടി താഴ്ചയും, ഓടയില്‍ വെള്ളവുമുള്ളതിനാല്‍ ലാഡര്‍ താഴെ വരെ എത്തിയില്ല. പിന്നീടാണ് ഫയര്‍മാന്‍മാരായ അബ്ദുള്‍ നാസറും അനീഷ്‌കുമാറും കയറില്‍ തൂങ്ങിയിറങ്ങി രാധാകൃഷ്ണനെ നെറ്റിലുള്ളിലാക്കി പുറത്തെടുത്തത്. വീഴ്ചയില്‍ ശരീരമാസകലം പരിക്കേറ്റ രാധാകൃഷണനെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ തൊടുപുഴ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സുഖം പ്രാപിച്ച് വരികയാണ്.
















