തൊടുപുഴ: കാളിയാറിന് സമീപം ആത്മഹത്യ ഭീഷണിയുമായി പ്ലാവിന് മുകളില്‍ കയറിയ യുവാവ് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് വെണ്‍മറ്റം സ്വദേശിയായ ഇരുപത്തിരണ്ട് കാരന്‍ സമീപത്തെ മരത്തിന് മുകളില്‍ കയറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയെങ്കിലും യുവാവ് താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. കഴുത്തില്‍ കയറുകൊണ്ട് കുടുക്കിട്ട ശേഷമാണ് യുവാവ് ഭീഷണി മുഴക്കിയത്. ബന്ധുക്കളെത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല. ഏറെ നേരം പണിപ്പെട്ട ശേഷം പോലീസ് നല്ല വാക്കുകള്‍ പറഞ്ഞ് അനുനയിപ്പിച്ചാണ് യുവാവിനെ താഴെ ഇറക്കിയത്. അതേ സമയം യുവാവ് ആത്മഹത്യ ചെയ്യാന്‍ മരത്തിന്റെ മുകളില്‍ ഇരുന്നപ്പോള്‍ നിരവധി ആവശ്യങ്ങളാണ് താഴെയിറങ്ങാനായി ഉന്നയിച്ചത്. ആദ്യം പറഞ്ഞത് പിന്നീട് പറയാതിരുന്ന ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് വിശദീകരിക്കുന്നത്. രാത്രി തന്നെ ഇയാളെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാളിയാര്‍ എസ്‌ഐയുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. നിരവധി നാട്ടുകാരും കാഴ്ച കാണാനായി ഇവിടെ തടിച്ച് കൂടി.
















