ന്യൂയോർക്ക്: ഇരുപത്തയ്യായിരം അടി മുകളിൽ ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനത്തിൽ നിന്നും പാരച്യൂട്ടിന്റെ സഹായമില്ലാതെ ഭൂമിയിലേക്ക് ചാടിയ സ്കൈഡൈവിങ് വിദഗ്ദൻ ഏവർക്കും കൗതുകമായി. സ്കൈഡൈവിങ് ചാമ്പ്യനായ 42കാരൻ ലൂക്ക് ഐക്കിൻസാണ് ഇത്തരത്തിലൊരു സാഹസ പ്രകടനം കാഴ്ചവെച്ചത്.
ലോകത്ത് ആദ്യമായിട്ടാണ് ഒരാൾ ഇത്രയും ഉയരത്തിൽ നിന്നും പാരച്യൂട്ടിന്റെ സഹായമില്ലാതെ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. കാലിഫോർണിയയിലെ മരുഭൂമിക്ക് മുകളിലൂടെ പറന്ന് കൊണ്ടിരുന്ന വിമാനത്തിനുള്ളിൽ നിന്നും മൂന്ന് സ്കൈഡൈവിങ് താരങ്ങൾക്കൊപ്പം അദ്ദേഹം താഴേക്ക് ചാടുകയായിരുന്നു.
രണ്ട് മിനിറ്റ് കൊണ്ട് ആകാശത്ത് നിന്നും പറന്നിറങ്ങിയ ലൂക്ക് മരുഭൂമിക്കു സമീപമുള്ള സിമി മലയടിവാരത്തെ മേച്ചിൽ പുറത്ത് 100 അടി വീതിയിൽ കെട്ടിയ വലയ്‌ക്കുള്ളിലേക്ക് സുരക്ഷിതമായി വീഴുകയും ചെയ്തു.
കുറച്ച് നിമിഷം വലക്കുള്ളിൽ അനങ്ങാതെ കിടന്ന ലൂക്ക് ഉടൻ തന്നെ ചാടിയിറങ്ങുകയും തന്റെ ഭാര്യയെയും മകനെയും ആശ്ലേഷിക്കുകയും ചെയ്തു. തനിക്ക് പിന്തുണ നൽകിയ സഹപ്രവർത്തകർക്കൊപ്പവും അദ്ദേഹം സന്തോഷം പങ്കിട്ടു.
താൻ അതീവ സന്തോഷവാനാണെന്നും അവിശ്വസനീയമായ കാര്യമാണ് തനിക്ക് സാധിച്ചതെന്നും ചാട്ടത്തിനു ശേഷം ലൂക്ക് മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. യഥാർത്ഥത്തിൽ താൻ ആകാശത്തിൽ പറക്കുകയാണ് ചെയ്തതെന്നും തന്റെ സന്തോഷം എങ്ങനെയാണ് പങ്കുവെയ്‌ക്കേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
സ്കൈഡൈവിങ് വിദഗ്ദനായ ലൂക്ക് നിസാരക്കാരനല്ല, ഈ സാഹസിക പ്രകടനത്തിന് മുൻപ് 25 വർഷത്തിനുള്ളിൽ അദ്ദേഹം 18,000 ആകാശച്ചാട്ടങ്ങളാണ് നടത്തിയത്. ഇതിനു പുറമെ ഗോഡ്സില്ല, അയൺ മാൻ-3 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ പാരച്യൂട്ട് ആക്ഷൻ രംഗങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=nVQKW6qV3fA
പ്രതികരിക്കാൻ ഇവിടെ എഴുതുക: