തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധസേവ ഇന്ന് രാവിലെ 6 മണിക്ക് ആരംഭിക്കും. കര്‍ക്കിടക മദ്ധ്യത്തില്‍ ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു നല്‍കുന്ന ഔഷധക്കൂട്ട്, പ്രാര്‍ത്ഥനയോടുകൂടി സേവിക്കുന്ന ചടങ്ങാണിത്. ഔഷധസേവ ഉച്ചയ്‌ക്ക് 1.30 വരെ നീണ്ടുനില്‍ക്കും. തൃശൂര്‍ തെക്കേമഠത്തില്‍ നിന്നുള്ള വേദപണ്ഡിതരാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. പൂജിച്ച ഔഷധം അരയാലിലയിലാണ് നല്‍കുന്നത്. നാലമ്പലത്തിനുള്ളില്‍ വടക്കുഭാഗത്തേക്ക് തിരിഞ്ഞിരുന്ന്, ആചാര്യന്മാര്‍ ചൊല്ലിത്തരുന്ന മന്ത്രം ഏറ്റുചൊല്ലിയാണ് ഔഷധം സേവിക്കേണ്ടത്. ഔഷധസേവ വെറും വയറ്റിലാണ് നടത്തേണ്ടത്. അതിനുശേഷമാണ് ഭഗവാനെ ദര്‍ശിച്ച് തീര്‍ത്ഥസേവയും നടത്തി, തുടര്‍ന്ന് ഔഷധക്കഞ്ഞികൂടി കഴിച്ചാണ് ഈ ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, ഡെല്‍ഹി, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും ഈ വര്‍ഷത്തെ ഔഷധസേവയില്‍ പങ്കെടുക്കും. കെഎസ്ആര്‍റ്റിസി ബസുകള്‍ രാവിലെ 5.30 മുതല്‍ തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.
















