വര്‍ഷത്തിലൊരിക്കല്‍ കര്‍ക്കടക വാവിന് നാളില്‍ മാത്രം തുറക്കുന്ന ഗുഹയ്ക്കുള്ളില്‍ കയറി കൈ കൊണ്ട് ചികഞ്ഞെടുക്കുന്ന മണ്ണ് പ്രസാദമായും ഗുഹയുടെ മുകള്‍ ഭാഗത്തു നിന്നും ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍ തീര്‍ത്ഥമായും കരുതുന്ന വ്യത്യസ്തമായ ആചാരം നിലനില്‍ക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തില്‍. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ വായ്പൂര് എന്ന സ്ഥലത്തിനും എഴുമറ്റൂരിനും ഇടയിലുള്ള ഒരു വന്മലയുടെ നെറുകയില്‍ സ്ഥിതിചെയ്യുന്ന തൃച്ചേര്‍പ്പുറം ശ്രീ ശങ്കരനാരായണ മഹാദേവ ക്ഷേത്രം.
ഏതൊരു ക്ഷേത്രത്തിലും ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിട്ടുന്നത് പ്രസാദം ചന്ദനമോ കളഭമോ സിന്ദൂരമോ ഒക്കെ ആയിരിക്കും. എന്നാല്‍ തൃച്ചേര്‍പ്പുറം ക്ഷേത്രത്തില്‍ പോയാല്‍ ചന്ദനവും പൂവും പ്രസാദമായി വാങ്ങുന്നതിനേക്കാള്‍ വിശിഷ്ടമായി കരുതുന്നത് ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തെക്കുഴിയുടെ ഒരു വശത്തുള്ള ഗുഹയിലെ മണ്ണെടുത്ത് നെറ്റിയില്‍ തൊടുന്നതാണ്.
സമുദ്രനിരപ്പില്‍ നിന്നും 2000 അടിയ്ക്ക് മുകളില്‍ ഉയരം കണക്കാക്കുന്ന ഈ മലയുടെ മുകളില്‍ ഏകദേശം 6000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മാത്രം നിരപ്പായ ഭൂമിയിലാണ് ക്ഷേത്രസഞ്ചയങ്ങള്‍.
അതിപുരാതനമായ ഈ ക്ഷേത്രം നാശോന്മുഖമായതിന് ശേഷം 1970 കളിലാണ് ജീര്‍ണ്ണോദ്ധാരണം നടത്തിയത്. ക്ഷേത്രം എന്ന് പറയുമ്പോള്‍ ഗോപുരങ്ങളോ ചുറ്റമ്പലമോ കൊടിമരമോ മതിലുകളോ ഇവിടെയില്ല. ഒമ്പത് ശ്രീകോവിലുകള്‍ മാത്രം. പ്രധാന ശ്രീകോവിലില്‍ ശങ്കരനാരായണസ്വാമിയും തൊട്ടടുത്തു തന്നെ തെക്ക് ഭാഗത്തായി മഹാദേവന്റെ ശ്രീകോവിലും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു് ശ്രീകോവിലുകള്‍ക്കും നമസ്ക്കാര മണ്ഡപവും ഉണ്ട്.
ഇവ കൂടാതെ ഗണപതി, ശാസ്താവ്, ഭഗവതി, യതീന്ദ്രന്, രക്ഷസ്, നീലി, നാഗരാജാവ് എന്നിങ്ങനെ ഏഴ് ഉപദേവതാ പ്രതിഷ്ഠയുമുണ്ട്.
മുന്‍കാലങ്ങളില്‍ കര്‍ക്കടക വാവിനും പ്രതിഷ്ഠാദിനത്തിനും മാത്രമെ നട തുറന്നിരുന്നുള്ളു. ഇപ്പോള്‍ ഈ ദിവസങ്ങള്‍ കൂടാതെ എല്ലാ ഞായറാഴ്ചയും രാവിലെ നട തുറന്ന് പൂജ ചെയ്തു വരുന്നു.
കര്‍ക്കടക വാവിന് നാളില്‍ മാത്രമാണ് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുളളത്. ക്ഷേത്രക്കുളക്കരയില്‍ സജ്ജീകരിച്ചിട്ടുള്ള ബലിത്തറയില്‍ പിതൃബലിതര്‍പ്പണം നടത്തുന്നതിനും ഗുഹാ ദര്‍ശനം നടത്തുന്നതിനും നിരവധിപേരാണ് ഇവിടെയെത്തുന്നത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ നിന്നും കുന്നിറങ്ങി ഏകദേശം 700 അടി താഴ്ച്ചയിലുളള ഗുഹയിലെത്തി അവിടെ നിന്നും ലഭിയ്ക്കുന്ന തീര്‍ത്ഥവും പ്രസാദവും ശേഖരിയ്ക്കുന്നതാണ് രീതി. രാമായണ കഥയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനില്‍ക്കുന്നതാണ് ഇതിന് കാരണം.
പുരാണ കാലത്ത് ഈ പ്രദേശം വന്‍കാടായിരുന്നു. അവിടെ മഹര്‍ഷിമാര്‍ തപസ് ചെയ്തിരുന്നു. അക്കാലത്ത് രാവണന് സീതയെ അപഹരിച്ചു കൊണ്ടുപോയപ്പോള്‍ സീതയെ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഈ വഴി വന്നതായും മുനിമാരെ കണ്ടുമുട്ടുകയും അവര്‍ ശ്രീരാമലക്ഷ്മണന്മാര്ക്ക് വഴികാട്ടി കൊടുക്കുകയും ചെയ്തതായും പറയപ്പെടുന്നു.
അങ്ങനെ അവര്‍ സഹായിച്ചതിനാല്‍ ലങ്കയില്‍ ചെന്ന് രാവണനെ വധിച്ച് സീതയുമായി ഈ വഴി വരാമെന്ന് പറഞ്ഞ് യാത്രയായി. പക്ഷേ രാമരാവണയുദ്ധം ജയിച്ചപ്പോഴേക്കും 14 സംവത്സരം തീരാറായിരുന്നു. ആ ദിവസം തന്നെ ശ്രീരാമന് അയോദ്ധ്യയില്‍ ചെന്നില്ലെങ്കില്‍ ഭരതന് ആത്മാഹുതി ചെയ്യുമെന്നുള്ള വാക്കുണ്ടായിരുന്നു. അതിനാല്‍ ശ്രീരാമലക്ഷ്മണന്മാര് സീതയോടൊപ്പം ഈ വഴി വരില്ലെന്ന് ദൂതന്മാര് മുഖേന അറിയിച്ചു.
എന്നാല്‍ ഈ സമയം ശ്രീരാമചന്ദ്രനെയും സീതാദേവിയേയും ലക്ഷ്മണനെയും മറ്റും സ്വീകരിയ്ക്കാനായി പൂജാ ദ്രവ്യങ്ങളും മറ്റും ഒരുക്കി മുനിമാര്‍ കാത്തിരിയ്ക്കുകയായിരുന്നു. അവര്‍ വരില്ലെന്നറിഞ്ഞ മുനിമാര്‍ നിരാശരായി. ഈ സമയം അവര്‍ക്കായി ഒരുക്കി വച്ച പൂജാദ്രവ്യങ്ങളും മറ്റും നശിപ്പിച്ചു കളയാതിരിക്കാന്‍ തൊട്ടടുത്തുണ്ടായിരുന്ന ഒരു മല പറിച്ചെടുത്ത് ഇവ മൂടിവച്ചു. ഇങ്ങനെ ചേര്‍ത്ത് വച്ച മലയുടെ മുകള്‍ ഭാഗമാണ് ചേര്‍പ്പുറം ആയത്. അത് പിന്നീട് തൃചേര്‍പ്പുറം ആയി എന്നാണ് പറയുന്നത്. ആ മലയുടെ അടിയിലായ പൂജാദ്രവ്യങ്ങളുടെ അംശങ്ങളാണ് ഗുഹയില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് കിട്ടുന്നതെന്നാണ് വിശ്വാസം. ഇതില്‍ ശ്രീരാമദേവന്റെ അനുഗ്രവും ഉണ്ടെന്ന് ഭക്തന്മാര് വിശ്വസിക്കുന്നു.
ഓരോ ഭക്തനും ചുരണ്ടിയെടുക്കുന്ന പ്രസാദത്തിന് അയാളുടെ അനുഭവവുമായി ബന്ധമുണ്ടായിരിക്കും. ഒരാള്‍ എടുക്കുന്ന പ്രസാദം ചുവപ്പാണെങ്കില്‍ മറ്റൊരാള്‍ എടുക്കുന്നതിന് മഞ്ഞ നിറമായിരിക്കും. വേറൊരാള് എടുക്കുന്നത് വെള്ളയായിരിക്കും. ഓരോരുത്തര് എടുക്കുന്ന പ്രസാദത്തിനും ഓരോ വ്യത്യസ്ത ഗന്ധവും ഉണ്ടായിരിക്കും. ചിലര്‍ക്ക് കരിക്കട്ടയും, തലമുടിയും മറ്റും കിട്ടിയിട്ടുള്ളതായും പറയപ്പെടുന്നു.
ഗുഹയ്ക്കുള്ളില്‍ നിന്നും ധാരയായി ഇറ്റ് വീഴുന്ന ജലം ശേഖരിച്ച് ഒരു കുളം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഒട്ടും ആഴവും പരപ്പും ഇല്ലാത്തതിനാല്‍ ഇവിടെ മുങ്ങിക്കുളിച്ച് പിതൃതര്‍പ്പണം നടത്താനാവില്ല. അതു കൊണ്ട് ഗുഹയില്‍ നിന്നും ഒരു പൈപ്പ് വഴി കുളത്തിന് വെളിയിലേക്ക് വെള്ളം ഒഴക്കുന്നുണ്ട്. ഈ വെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് വേണം ശുദ്ധി വരുത്തി പിതൃതര്‍പ്പണം നടത്താന്‍.
കടുത്ത വേനലില്‍ പോലും ഈ ഗുഹയില്‍ നിന്നും വെള്ളമൊഴുകുന്നതിനാല്‍ ക്ഷേത്രത്തിന്റെ സമീപമുള്ള മലഞ്ചരിവിലെ 30-ഓളം വീട്ടുകാര്‍ കുടിയ്ക്കാനും കുളിയ്ക്കാനും ഈ വെള്ളമെടുക്കുന്നു. ഇത്രയും ഉയരമുള്ള ക്ഷേത്ര മുറ്റത്തെ കിണറ്റിലും ഒരിക്കലും വെള്ളം വറ്റിയിട്ടില്ല. അതും ഒരു അത്ഭുതമാണ്. കിണറിന്റെ അടിഭാഗം കാണാന്‍ പാടില്ലാത്തത്ര ആഴമുള്ള കിണറായതു കൊണ്ട് കിണര്‍ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ അത്ഭുതങ്ങള്‍ നിരവധിയുള്ള ഈ ക്ഷേത്രത്തിന്റെ കുളക്കരയില്‍ പണ്ട് വനമായിരുന്നപ്പോള്‍ വളര്‍ന്ന ഒരു രുദ്രാക്ഷമരവും നില്‍പ്പുണ്ട്.
തൃച്ചേര്‍പ്പുറം ശ്രീ ശങ്കരനാരായണ മഹാദേവ ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മല്ലപ്പള്ളിയില്‍ നിന്നും 7 കിലോമീറ്ററും എഴുമറ്റൂരില്‍ നിന്നും 5 കിലോമീറ്ററും ദൂരവുമുണ്ട്. മല്ലപ്പള്ളി ചെറുകോല്‍പ്പുഴ റോഡില്‍ കൊച്ചെരപ്പ് എന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. ഇവിടെ നിന്നും കാല്‍നടയായോ ചെറു വാഹനങ്ങളിലോ മാത്രമെ യാത്ര സാദ്ധ്യമാകുകയുളളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: