ഏതാണ്ട് ഒരു മാസത്തിനു മുമ്പ്. എറണാകുളം ലിസിയില്‍ നിന്നും പാലത്തിനുകീഴേകൂടി നോര്‍ത്തിലേക്ക് റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്തു കയറുകയായിരുന്നു ഞാന്‍. അപ്പോഴാണ് പിന്നില്‍ നിന്നും ഒരു വിളി.
” സാറേ…” ഞാന്‍ തിരിഞ്ഞുനോക്കി. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി അവശതയുടെ ആള്‍രൂപം പോലെ ഒരു സ്ത്രീ. ‘ എന്നെ മനസ്സിലായില്ലേ…ആള് ചോദിച്ചു. ഞാന്‍ ഒന്ന് സൂക്ഷിച്ചുനോക്കി. എനിക്ക് ആളെ പിടികിട്ടി. ലീലാമ്മ!(യഥാര്‍ത്ഥപേരല്ല). നല്ല മേനിയഴകും ചുറുചുറുക്കും ഉണ്ടായിരുന്ന ലീലാമ്മ!. അവളോ ഇത്.
ഞാന്‍ അതിശയപ്പെട്ടു നില്‍ക്കെ അവര്‍ പറഞ്ഞു. ‘ ഒരു മുപ്പതുരൂപവേണം. എനിക്കിപ്പോ കിടക്കാന്‍ സ്ഥലമില്ല. പാലത്തിന്റെ കീഴിലാണ് കിടപ്പ്’. ‘ മുപ്പതുരൂപകൊണ്ട് കിടക്കാന്‍ സ്ഥലം കിട്ടുമോ’. ഞാന്‍ ചോദിച്ചു. ‘ അതല്ല…ഞാനൊന്നും കഴിക്കാറില്ല. സ്മോളടിക്കാനാ…കുപ്പി വാങ്ങാനിനി മുപ്പതുരൂപ കൂടി വേണം’.
ഞാന്‍ മുപ്പത് രൂപകൂടി നല്കി നടന്നു. അവള് തൊഴുതു തിരിഞ്ഞു നടന്നു.
1988 കാലഘട്ടം. അന്ന് കോട്ടയം വാരികയില്‍ ഞാന്‍ ബഹുമാനിക്കുന്ന എന്റെ അഭ്യുദയകാംക്ഷിയായ തിരക്കഥാകൃത്തും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് ഒരു പംക്തി എഴുതുന്നുണ്ടായിരുന്നു. ശാലിനി എന്ന തൂലികാനാമത്തില്‍. ‘ വിളക്കുകെടുത്തുന്ന ശലഭങ്ങള്‍’ എന്നായിരുന്നു ആ പംക്തിയുടെ പേര്.
ഇതിന് ബദലായി മറ്റൊരു പംക്തിയെഴുതാന്‍ എന്നെ പത്രാധിപര്‍ ചുമതലപ്പെടുത്തി. ആധികാരികവും വിശ്വസ്തവുമായ പംക്തിയായിരിക്കണം.ഞാന്‍ മനസ്സില്‍ നിശ്ചയിച്ചു. അങ്ങനെ ആ പംക്തി തുടങ്ങി. ‘താളം തെറ്റിയ താരുണ്യങ്ങള്‍’ എന്നായിരുന്നു ആ പംക്തിയുടെ പേര്. എസ്.കൃഷ്ണവേണി എന്ന തൂലികാ നാമത്തിലാണ് ഞാനത് എഴുതിയിരുന്നത്. അതിന്റെ ഭാഗമായി വഴിവിട്ട ജീവിതത്തില്പ്പെട്ടവരെ കാണാനും അഭിമുഖം നടത്താനും തീരുമാനിച്ചു.
അതിന്റെ കാര്യത്തിന് എറണാകുളം റസ്ക്യൂഹോമില്‍ ചെല്ലുകയും അവിടെ പോലീസ് റെയ്ഡില്‍ പിടികൂടിയ സ്ത്രീകളെ കാണുകയും അവരെ ഇന്റര്‍വ്യൂ ചെയ്ത് എഴുതുകയും ചെയ്തു. അക്കാലത്ത് അവരുടെ ഫോട്ടോയും ചേര്‍ത്തിരുന്നു.
അന്ന്-
അവിടെവച്ചാണ് ഞാന്‍ ലീലാമ്മയെ കാണുന്നത്. ഒരു കൈക്കുഞ്ഞുമായി പോലീസ് റെയ്ഡില്‍ പിടിക്കപ്പെട്ട് റസ്ക്യൂഷെല്ട്ടറില് എത്തിയതാണ് ലീലാമ്മ.
മറ്റൊരു ലോകത്തിന്റെ കഥകളായിരുന്നു അവിടെ നിന്നും ലഭിച്ചതൊക്കെയും. സുന്ദരിയായ ലീലാമ്മ തെക്കന്‍ ജില്ലക്കാരിയായിരുന്നു. ലൈംഗിക തൊഴിലാളിയായതിന് പറയാന്‍ ഒട്ടേറെ കാര്യങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. അവിടുള്ളവര്‍ പലരും പല ജീവിതത്തിന്റെ ഇരുണ്ടവഴികളെക്കുറിച്ച് പറഞ്ഞു. അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന കഥകള്‍. അവയെല്ലാം അക്കാലത്ത് ഞാന്‍ എഴുതുകയും ചെയ്തു. മുഖം നഷ്ടപ്പെട്ട അത്തരം യുവതികളിലൊരാളായിരുന്നു ലീലാമ്മ.
ഇവരുടെ ജീവിതത്തെ അധികരിച്ച് രണ്ടുകഥകളും അക്കാലത്ത് എഴുതി പ്രസിദ്ധപ്പെടുത്തി. ‘ ഒരു ചുവന്ന പെണ്‍കുട്ടിയുടെ കഥ’, ‘ മഴയിലേക്ക് പോയ പെണ്‍കുട്ടി’ എന്നിവയായിരുന്നു ആ കഥകള്‍.
റസ്ക്യൂ ഹോമിലെ ഒരു പെണ്‍കുട്ടി പറഞ്ഞ കഥ ഇതില്‍ അകപ്പെട്ടതിന്റേതായിരുന്നു. നല്ല വീട്ടില്‍ ജനിച്ചുവളര്‍ന്ന കുട്ടി. ഇഷ്ടപ്പെട്ട ആളുമായി നാടുവിട്ടു. അതോടെ വീട്ടുകാര്‍ വെറുത്തു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവളെ അയാള്‍ ഉപേക്ഷിച്ചു. അയാളുടെ വീട്ടിലേക്ക് പോകാന്‍ അവള്‍ക്കായില്ല. സ്വന്തം വീട്ടില്‍ ചെന്നപ്പോള്‍ അവളെ വീട്ടുകാര്‍ ആട്ടിപ്പുറത്താക്കി. അസമയത്ത് അലയുന്ന അവളെ സംശയത്തിന്റെ പേരില്‍ പോലീസ് പിടികൂടി.
റസ്ക്യൂഹോമിലാക്കി. റസ്ക്യൂഹോം സൂപ്രണ്ട് അവള് നല്കിയ വിലാസത്തില്‍ കത്തയച്ചു. റസ്ക്യൂഹോമിലാണ് എന്നറിഞ്ഞപ്പോള്‍ ഒന്നുകൂടി വൈരാഗ്യം മൂത്ത് വീട്ടുകാര്‍ തങ്ങള്‍ക്കിങ്ങനെയൊരു മകളില്ലെന്നറിയിച്ചു.
അപ്പോഴാണ് അവിടെയുണ്ടായിരുന്ന മറ്റൊരു ലൈംഗിക തൊഴിലാളി അവളുടെ പേരും മറ്റുമൊക്കെ ചോദിച്ചറിഞ്ഞ് കോടതി റിലീസായിപ്പോയത്. അപ്പോള്‍ അവര്‍ പറഞ്ഞിരുന്നു. കോടതിയില്‍ ഒരാളെത്തും അയാളുടെ പേര്………എന്നാണ്. വിളിപ്പിക്കുമ്പോള്‍ അറിയാമെന്നും രക്ഷകര്‍ത്താവാണെന്നും പറയണം. അവള് സമ്മതിച്ചു.
കോടതിയില്‍ നിന്നും നോട്ടീസ് എത്തി. സൂപ്രണ്ടന്റ് അവളെ കോടതിയില്‍ ഹാജരാക്കി. അവളുടെ രക്ഷകര്‍ത്താവായി ഒരാള്‍ എത്തിയിരുന്നു. മജിസ്ട്രേറ്റ് ചോദിച്ചു. അവള് പറഞ്ഞു.’ അറിയാം”. എന്റെ അമ്മാവനാണ്. അയാളോടൊപ്പം പോകാം’.
കോടതി ഉത്തരവാല്‍ അവള് റിലീസായി. അപ്പോഴാണ് അവള് അറിയുന്നത് അയാള്‍ പിമ്പാണെന്ന്. പിന്നീട് ആ ഗ്രൂപ്പില്അവളും ലൈംഗികതൊഴിലാളിയായി.
‘ ഇനി എനിക്ക് ഈ വഴി മാറാനാവില്ല. സംശയാസ്പദമായി കണ്ടാല്‍ത്തന്നെ എന്നെ പോലീസ് പൊക്കും. ഇവിടെ എത്തിക്കും. ഇത്തവണത്തേതുകൂടി അഞ്ചാമത്തെ പ്രാവശ്യമാണ് ഇവിടെ വരുന്നത്. നാെളയോ മറ്റോ എനിക്കുവേണ്ടി ആള് കോടതിയില്‍ എത്തും’.
രക്ഷപെടാനാവാത്ത തുരുത്തില് പെട്ടുപോയവള്‍. ആരാണിതിന് ഉത്തരവാദി! അവളോ, സമൂഹമോ, നിയമവ്യവസ്ഥയോ, വീട്ടുകാരോ…
അങ്ങനെ എത്രയെത്ര കഥകള്‍.
അക്കാലത്ത് കണ്ടയാളാണ് ലീലാമ്മ. ബസ് സ്റ്റാന്‍ഡില്‍ വാണിഭ സൗകര്യവുമായി നടന്നതിനാല്‍ ബസ് സ്റ്റാന്റ് ലീലാമ്മ എന്ന പേരും വന്നു. അവളാണിപ്പോള്‍ ഈ അവസ്ഥയില്‍.
ഇവളുടെ മറ്റൊരു കൂട്ടുകാരിയുണ്ടായിരുന്നു. ഹിന്ദുവായി ജനിച്ച് മുസ്ലിം പേരുസ്വീകരിച്ചവള്. അവള്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഉണ്ടായി.
ഈ തൊഴിലുകൊണ്ടും ചതിച്ചും കുറച്ചുപണമുണ്ടാക്കി ഒരു വീടും രണ്ടുസെന്റ് സ്ഥലവും സമ്പാദിച്ചു. അതിനിടെ ആരോ വന്നുകൂടുകയും അയാള്‍ ചതിക്കുകയും സ്ഥലവും വീടും നഷ്ടപ്പെടുകയും ചെയ്തു. കുട്ടികളാവട്ടെ ഒരാള്‍ ഗോവയിലേക്ക് കടന്നു. ചില്ലറ മോഷണങ്ങളും ജയില്‍ വാസവുമൊക്കെയായി. മറ്റൊരുത്തന് ഒരു ഗുണ്ടാനേതാവിന്റെ സഹോദരിയെ വിവാഹം ചെയ്തു അടിപിടിയും മറ്റുമായി നടക്കുകയും ചെയ്യുന്നു.
എന്തൊരു കാവ്യനീതി!. ഇവരെല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. ഇതെല്ലാം ജീവിക്കാന്‍ വേണ്ടിയാണെന്ന്. പക്ഷെ…!.
ജീവിക്കാന്‍ പണം ആവശ്യമുണ്ട്. എന്നാല്‍ അത് സമ്പാദിക്കേണ്ടത് ശരിയായ രീതിയില്‍ത്തന്നെയായിരിക്കണം. അല്ലാതെ പോയാല്‍ ജീവിതത്വരയില്‍ നഷ്ടപ്പെടുന്നത് ആത്മാഭിമാനവും മാന്യതയും സത്യസന്ധതയുമാണ്. പകല്‍മാന്യരായി ജീവിക്കുന്നതില്‍ എന്തുകാര്യം. അത് ജീവിതമോ?.
റോമന്‍ സെനറ്റില്‍ തലയെടുപ്പുള്ള ഒരംഗം ഉണ്ടായിരുന്നു.
ഫബ്രീഷ്യസ്. സത്യസന്ധന്, അഭിമാനി. അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഗ്രീസിലെ എപ്പൈറസ് രാജ്യത്തെ രാജാവായിരുന്ന പൈറസ് ചില വഴികള്‍ സ്വീകരിക്കാന്‍ നിശ്ചയിച്ചു.
എന്നാല്‍ ഫബ്രീഷ്യസ് പറഞ്ഞു. ‘ അത്രവലിയ ഫലസമ്പന്നമല്ലാത്ത സ്വല്പം കൃഷിയിടം എനിക്കുണ്ട്. ജീവിക്കാനതൊക്കെ മതി.ധനസമ്പാദനമായിരുന്നു ലക്ഷ്യമെങ്കില്‍ എനിക്കുമുന്നില്‍ ഒട്ടേറെ വഴികളുണ്ടായിരുന്നു. എനിക്കാവശ്യം മാന്യത സൂക്ഷിക്കലാണ്. താങ്കളില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും എനിക്കാവശ്യമില്ല.
തെറ്റായ വഴിയേക്കാള്‍ വലുതാണ് ആത്മാഭിമാനം എന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടുതന്നെ അന്തസോടെ ജീവിക്കുവാനും മരിക്കുവാനും അദ്ദേഹത്തിനായി.
ഒരാള്‍പോലും ലോകത്ത് മോശമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. മോശമായി ജനിക്കുന്നവരുമല്ല. മോശപ്പെട്ട വഴിയിലേക്ക് തിരിയുന്നതിന് പലകാരണങ്ങളും ഉണ്ടാകാം. ആ കാരണങ്ങളെ അതിജീവിക്കുവാനാവാതെ മോശം വഴിയിലേക്ക് പോയതാവാം. എങ്കിലും തിരിച്ചുവരാന്‍ ഒരു ശ്രമം അതാണ് ആവശ്യം.
പക്ഷെ, ചില മോശങ്ങളില്‍ സുഖം കണ്ടെത്തിയാല്‍പ്പിന്നെ അതില്‍ത്തന്നെ അഭിരമിച്ച് ജീവിക്കുന്നു.
തവളയെക്കുറിച്ച് ഒരുദാഹരണം പറയാറുണ്ട്. ചെറുചൂടുവെള്ളത്തില്‍ വീണാല്‍ തവള ആ ചൂട് ആസ്വദിച്ച് അതില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കാതെ നീന്തിത്തുടിക്കും. ചൂട് കുറേശെ കൂടാന്‍ തുടങ്ങും. വെള്ളം തിളയ്ക്കാന്‍ തുടങ്ങും. അപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്!. എന്തുചെയ്യാം. അപ്പോഴേക്കും ചൂടുവെള്ളിത്തില് നിന്നും രക്ഷപെടാന്‍ പറ്റാത്തവണ്ണം ശരീരം തളര്‍ന്നുപോയിരിക്കും. പിന്നെ വെള്ളത്തില്‍ കിടന്ന് വെന്തുനശിക്കുക മാത്രം!.
അപ്പോഴും ഒരു കാവ്യനീതിയുണ്ടെന്ന മനസ്സിലാകുമോ?. പെണ് എട്ടുകാലി വലനെയ്ത് തന്റെ പ്രജനനത്തിനായി കാത്തിരിക്കും. നൃത്തം ചെയ്യും. അതില്‍ ആകൃഷ്ടനായി ആണ് എട്ടുകാലി എത്തും. വലയില്‍ ചെന്ന് പെണ്എട്ടുകാലിയുമായി ഇണചേരും. അതുകഴിഞ്ഞാലോ ആണ് എട്ടുകാലി ഓടി രക്ഷപെട്ടുകൊള്ളണം. അല്ലെങ്കില്‍ അതിനെ പെണ്‍എട്ടുകാലി കൊന്നുതിന്നുകതന്നെ ചെയ്യും. പിന്നെയോ-പെണ് എട്ടുകാലി പ്രസവിച്ചുകഴിഞ്ഞാലോ മക്കളുടെ ആഹാരമായി തീരുന്നു. ഈ കഥ എത്രമാത്രം യാഥാര്ത്ഥ്യമാണെന്നറിയില്ല. പക്ഷെ, കാവ്യനീതിക്ക് ഉദാഹരണമാകുന്നു എന്നുവ്യക്തം.
‘വ്യാജവേഷക്കാരുടെ പശ്ചാത്താപം പോലും കപടനാട്യം’ എന്നാണ് ഉപന്യാസകാരനായ വില്യം ഹാസ്ലറ്റ് പറയുന്നത്.
രാമായണത്തില്‍ എഴുത്തച്ഛന് ഓര്‍മ്മിപ്പിക്കുന്നു.
‘താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ…’
അതുകൊണ്ടുതന്നെ ലക്ഷ്യം എന്നതുപോലെ മാര്‍ഗ്ഗവും ശുദ്ധമായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: