ബത്തേരി : ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂള്‍ 2016 വര്‍ഷത്തിലെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2016’ പരിപാടി തദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് സ്കൂള്‍ അങ്കണത്തില്‍ വച്ച് ചേരുന്ന വിവിധ പരിപാടികള്‍ക്ക് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഹൈസ്ക്കൂളായി അപഗ്രേഡ് ചെയ്യപ്പെട്ടതിന് ശേഷമുളള പ്രഥമ എസ്.എസ്.എല്‍.സി ബാച്ച് തന്നെ നൂറ് ശതമാനം വിജയം കൈവരിച്ചു എന്നത് പരിമിതികള്‍ക്കുളളിലും നേടിയ തിളക്കമാര്‍ന്ന നേട്ടമാണ്. ഇവിടെ പഠനം നടത്തുന്ന മുഴുവന്‍ കുട്ടികളും പാവപ്പെട്ടവരില്‍നിന്നും ആദിവാസി കുടുംബങ്ങളില്‍ നിന്നുമുളളവരുമാണ്. കഴിഞ്ഞ അധ്യായന വര്‍ഷം അദ്ധ്യാപകരില്ലാത്തതിനാല്‍ ദേശീയ പാതയോരത്ത് വിദ്യാര്‍ത്ഥികള്‍ ആഴ്ചകളോളം നീണ്ടു നിന്ന ധര്‍ണ്ണ സമരം നടത്തിയിരുന്നു. ചരിത്ര വിജയം നേടാന്‍ പ്രയത്നിച്ച വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ചടങ്ങില്‍ അനുമോദിക്കും. അനുമോദനചടങ്ങ് സി.കെ ശശീന്ദ്രന് എം.എല്‍.എ, ഒ.ആര് കേളു എംഎല്.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
സ്കൂള്‍ ബസ് സമ്മാനപദ്ധതിയില്‍ ഒന്നാം സമ്മാനമായി ലഭിച്ച സ്കൂള്‍ ബസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി നിര്‍വ്വഹിക്കും. സംസ്ഥാനതലത്തില്‍ തന്നെ മൂവ്വായിരത്തില്പരം സ്കൂളുകളില്‍ നിന്നുമാണ് ഒന്നാം സമ്മാനം നേടി ഈ പദ്ധതിയ്ക്ക് ബീനാച്ചി ഗവ. ഹൈസ്കൂള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ സഹകരണത്തോടെ സ്കൂള്‍ അങ്കണത്തില്‍ ഒന്നരഏക്കറില്‍ ‘ജീവനോദ്യാനം-ഭക്ഷ്യവൈവിധ്യതോട്ടം നിര്‍മ്മിക്കുന്നു. ഭക്ഷ്യവിളകളുടെ വൈവിധ്യവും പ്രാധാന്യവും അതിലൂടെ ലഭിക്കുന്ന പോഷകഗുണങ്ങളും വിശദീകരിക്കുന്ന തരത്തിലാണ് ഈ ഉദ്യാനം ഒരുക്കുന്നത്. ഭക്ഷണത്തില്‍ പോഷകമൂല്യമുളള വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഓരോ വിളകളുമായി ബന്ധപ്പെട്ട പോഷകമൂല്യങ്ങളും നേരില്‍ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ സ്കൂള്‍ ഉച്ചഭക്ഷണം നാടന്‍ ഭക്ഷ്യവിഭവഭങ്ങളിലൂടെ പോഷക സമൃദ്ധമാക്കി വിദ്യാര്‍ത്ഥികളേയും പൊതുജനങ്ങളേയും ബോധവല്‍ക്കരിക്കാനും ഉദ്ദേശിക്കുന്നു. ഉദ്യാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ് നിര്‍വ്വഹിക്കും.
1952 ല്‍ ഗവണന്‍മെന്റ് വിമുക്തഭടന്മാര്ക്ക് പതിച്ചു നല്കിയ കോളനി സ്ഥലത്താണ് ബീനാച്ചി ഗവ.എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പഠിക്കാനാണ് തുടങ്ങിയതെങ്കിലും സമീപ്രദേശങ്ങളായ ദൊട്ടപ്പന്‍കുളം, പഴുപ്പത്തൂര്‍, അരിവയല്‍, പാത്തിവയല്‍ തുടങ്ങിയ പിന്നോക്ക ഗ്രാമങ്ങളിലെ ആദിവാസി കോളനികളിലെ കുട്ടികള്‍ക്കും ഇത് വലിയഅനുഗ്രഹമായി. 1981-82 ല്‍ ഇത് യൂ.പി. സ്കൂളായി അപഗ്രേഡ്ചെയ്യപ്പെട്ടു. 2013ല്‍ ഗവണ്മെന്റ് ഹൈസ്കൂളായി ഉയര്‍ത്തി. പരിമിതമായ സൗകര്യങ്ങള്ക്കുളളിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ജില്ലാതലത്തില്‍ ശ്രദ്ധേയമാകാന്‍ കഴിഞ്ഞതിന് പിന്നില്‍ വിദ്യാര്‍ത്ഥികളുടേയും, അധ്യാപകരുടെയും, രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും കഠിനപ്രയത്നമാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: