സ്പർദ്ധ അസൂയ നാശം ഇവയോടുകൂടിയവയാകയാൽ സ്വർഗ്ഗാദി ലോകങ്ങളും, തുച്ഛങ്ങളും ദോഷത്തോടുകൂടിയവയുമാണ്. വൈദിക കർമ്മങ്ങളിൽ വേണ്ടപോലെ ആയിത്തീർന്ന് സ്വർഗ്ഗപ്രാപ്തി ലഭിക്കുവാൻ പലവിധ പ്രശ്നങ്ങളുണ്ട്. വിഘ്ന ബാധകളൊന്നുംകൂടാതെ വൈദികകർമ്മങ്ങൾ അനുഷ്ഠിക്കുവാൻ സാധിച്ചാൽ മരണശേഷം സ്വർഗ്ഗത്തിലെത്തി, തന്റെ പുണ്യകർമ്മങ്ങളുടെ ഫലമായ ദിവ്യഭോഗങ്ങളെ അനുഭവിക്കുന്നു.
ശോഭയുള്ള വിമാനത്തിൽകയറി ഗന്ധർവന്മാരാൽ സ്തുതിക്കപ്പെട്ടുകൊണ്ടും അപ്സരസ്ത്രീകളാൽ സേവിക്കപ്പെട്ടുകൊണ്ടും നന്ദനം മുതലായ ദേവവാദ്യങ്ങളിൽ സ്വർഗ്ഗീയ സുഖങ്ങളെ അനുഭവിച്ചുകൊണ്ട് സഞ്ചരിക്കുന്നു. സുഖങ്ങളിൽ മുഴുകിക്കഴിയുമ്പോൾ തനിക്ക് സ്വർഗ്ഗത്തിൽ നിന്ന് താഴേയ്ക്ക് വരേണ്ടിവരില്ല എന്ന് വിശ്വസിക്കുന്നു.
പുണ്യംതീർന്നു കഴിഞ്ഞാൽ ഇഷ്ടമില്ലെങ്കിലും കാലത്തിന്റെ പ്രവാഹത്താൽ താഴേയ്ക്ക് വീഴേണ്ടിവരുന്നു. ഇപ്രകാരം വിചാരംചെയ്ത് വൈദികകർമ്മങ്ങളെക്കൊണ്ട് സമ്പാദിക്കാവുന്ന സ്വർഗ്ഗാദിലോകങ്ങളും നാശമുള്ളവയാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ ആകർമ്മങ്ങളേയും ഉപേക്ഷിക്കാൻ സാധിക്കും. ലൗകികങ്ങളും വൈദികങ്ങളുമായ രണ്ടുവിധ കർമ്മങ്ങളേയും ഉപേക്ഷിക്കാൻകഴിഞ്ഞാൽ മാത്രമേ മനസ്സടക്കാനുള്ള അനുഷ്ഠാനങ്ങളെ അഭ്യസിക്കുവാൻ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: