കുന്നത്തൂര്‍: ശൂരനാട്‌തെക്ക് അരയാല്‍ മുക്കിന് സമീപം ഫാമില്‍ വളര്‍ത്തിയിരുന്ന ആറ് ആടുകള്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ചത്തു. കനാല്‍ ജംഗ്ഷന്‍ മഴുപ്പാട്ട് വിളകിഴക്കതില്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ ആടുകളാണ് ചത്തത്. ഒരു ആട് പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുവശവും മതിലുകളാല്‍ സംരക്ഷിച്ച പുരയിടത്തില്‍ ആടുകളെ കെട്ടിയിടാതെ തുറന്ന് വിടുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആടുകള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം ഷിബു തിരികെ പോയിരുന്നു. രാവിലെ ഫാമില്‍ എത്തിയപ്പോഴാണ് പുരയിടത്തിന്റെ പല ഭാഗത്തായി ആറ് ആടുകള്‍ ചത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിക്ക് പറ്റിയ ആടുള്‍പ്പെടെ എല്ലാ ആടുകളും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ്. മറ്റ് മുറിവുകള്‍ ഒന്നും ശരീരത്തില്‍ ഇല്ല. ആടുകളെ തിന്നാനുള്ള ശ്രമവും നടന്നിട്ടില്ല. അഞ്ജാത ജീവിയുടെ ആക്രമണത്തില്‍ അടുകള്‍ ചത്തതോടെ പ്രദേശത്തെ ജനങ്ങളും ഭീതിയിലാണ്. വെറ്ററിനറി സര്‍ജന്റ നേതൃത്വത്തില്‍ ആടുകളുടെ മൃതശരീരത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു കൂടുതല്‍ പരിശോധനക്കായി അയച്ചു. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി സമീപ പ്രദേശങ്ങള്‍ പരിശോധിച്ചു.
















