കൊല്ലം: തിരുമുല്ലവാരം സമുദ്രസ്‌നാനഘട്ടത്തിന്റെ വികസനത്തിന് ആകുന്നതെല്ലാം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള സ്ഥലവും കടല്‍പുറമ്പോക്കും ഏറ്റെടുത്ത് തീര്‍ത്ഥഘട്ടം വികസിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. തിരുവല്ലത്തോളം മഹത്വമുള്ള തീര്‍ത്ഥഘട്ടമാണ് തിരുമുല്ലവാരമെന്നും പ്രയാര്‍ ചൂണ്ടിക്കാട്ടി.
വേലിയിറക്ക സമയത്ത് സമുദ്രത്തില്‍ അഞ്ഞൂറ്മീറ്റര്‍ ഉള്ളിലായി കാണുന്ന പാറക്കെട്ടില്‍ കൂറ്റന്‍ പരശുരാമശില്പം നിര്‍മ്മിക്കുന്നതിന് ബോര്‍ഡ് പദ്ധതിയിടുകയാണ്. വിവേകാനന്ദപ്പാറയുടെ മാതൃകയാണ് ഇതിനുപിന്നിലുള്ളത്. മഹാവിഷ്ണുക്ഷേത്രത്തിന്റെ ചുറ്റുമതിലും ശ്രീകോവിലും പുതുക്കിപ്പണിയുന്നതിനും പദ്ധതിയുണ്ട്. പുകയില പണ്ടകശാലയ്‌ക്ക് പുറകിലുള്ള അതിപുരാതനമായ ഗണപതിക്ഷേത്രവും പുനരുദ്ധരിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലാണ്.
വരുമാനവും വിശ്വാസികളുടെ കരുത്തും കണക്കിലെടുത്ത് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ ബോര്‍ഡ് തയ്യാറാണ്. ഇപ്പോഴത്തെ നിലയ്‌ക്ക് ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ല.
ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ ഭാഗമായുള്ള ക്ഷേത്രകലാപീഠത്തിന്റെ സ്ഥാനത്ത് തന്ത്രവിദ്യാലയം സ്ഥാപിക്കാനാണ് പരിപാടി. ഇതോടനുബന്ധിച്ചുള്ള സ്ഥലത്ത് ക്ഷേത്രജീവനക്കാര്‍ക്കായി ഭക്തരോടുള്ള പെരുമാറ്റം അടക്കമുള്ള കാര്യങ്ങള്‍ പരിശീലിക്കുന്നതിന് സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
















