കോഴിക്കോട്: പൊതു ടോയ്‌ലറ്റുകളോടുള്ള കോര്‍പ്പറേഷന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സ്ത്രീചേതന പ്രതിഷേധകൂട്ടായ്‌മയും ബോധവല്‍ക്കരണ പരിപാടിയും നടത്തി. കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സമരം സ്ത്രീചേതന ജനറല്‍സെക്രട്ടറി ഡോ.കെ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. നിരവധി ഓംബുഡ്‌സ്മാന്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും മൊഫ്യൂസല്‍ ബസ്സ്റ്റാന്റ്, പാളയം ബസ്സ്റ്റാന്റ്, വലിയങ്ങാടി, മാനാഞ്ചിറ, എസ്ബിഐക്ക് സമീപം എന്നിവിടങ്ങളിലുള്ള പൊതു ടോയ്‌ലറ്റുകള്‍ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ത്രീചേതന പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചകാലമായി സ്ത്രീചേതന ടോയ്‌ലെറ്റ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് വരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ടോയ്‌ലറ്റ് സര്‍വെ ഇന്നലെ കിഡ്‌സണ്‍ കോര്‍ണറില്‍ നടന്നു. പൊതുടോയ്‌ലറ്റുകള്‍ക്ക് മുന്നിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ സ്ത്രീചേതന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ബീച്ച് ടോയ്‌ലറ്റിന്റെ നവീകരണത്തിനായി കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇന്നലെ നടന്ന ഓംബുഡ്‌സ്മാന്‍ സിറ്റിംഗില്‍ പൊതു ടോയ്‌ലറ്റുകളുടെ ശോചനീയവസസ്ഥ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷനെതിരെ ഓംബുഡ്‌സ്മാന്‍ നടപടി സ്വീകരിച്ചു. സ്ത്രീചേതന പ്രസിഡന്റ് എ.ആര്‍. സുപ്രിയ, ആതിര, ഫാരിസ് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ പരിപാടിയില്‍ വിസ്മയ കോളേജ് ഓഫ് ആര്‍ട് ആന്റ് മീഡിയ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
















