പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്തുവെന്ന പരാതിയില്‍ 11 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. പ്രതികളില്‍ നാലുപേര്‍ പെണ്‍കുട്ടികളും 7 പേര്‍ ആണ്‍കുട്ടികളുമാണ്. മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനികളായ ശുഭ ലക്ഷ്മി, സംയാ ശറിന്‍, ഫാസിന, ബി.കോം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മസ്‌ന, ഫുഡ് ടെക് നോളജി വിദ്യാര്‍ത്ഥികളായ മിയാസ്, മുഹമ്മദ് ആശിര്‍, അഫീഫ് റഹ്മാന്‍, സിയാദ്, ജംശീര്‍ മുഹമ്മദ്, റുഫൈദ്, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് മറ്റു പ്രതികളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 20നാണ് സംഭവം. തടഞ്ഞുവെച്ചു ശിരോവസ്ത്രം പിടിച്ചു വലിക്കുകയും, ചെരിപ്പ് കാലില്‍ നിന്ന് ഊരിമാറ്റി കയ്യിലിട്ട് നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന ഒന്നാം വര്‍ഷ ബിഎസ്‌സി ഫുട് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. ഇതിനെ തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച കോളേജ് അധികൃതര്‍ പരാതി ശരിയാണെന്ന് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. റാഗിംഗ് നിരോധന നിയമം നാലാം വകുപ്പും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
















