കോഴിക്കോട്: വ്യാപാരിയെയും മകനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവര്‍ന്ന മുഖംമൂടി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനി ചാത്തോറത്ത് വീട്ടില്‍ പ്രഭീഷ് (27), പെരിങ്ങൊളം കുരിക്കത്തൂര്‍ കരിമ്പനത്തൊടിയില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. സംഘത്തിലെ മൂന്നാമന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലി, മകന്‍ റോഷന്‍ എന്നിവരാണ് ഇക്കഴിഞ്ഞ ജൂലൈ 11ന് രാത്രി 11.30 ന് കട പൂട്ടി പോകുന്നതിനിടയില്‍ കവര്‍ച്ചക്കിരയായത്. ഇരുവരും കാറിലേക്കു കയറുന്നതിനിടെ പതിഞ്ഞിരുന്ന സംഘം കത്തിയുമായി ചാടിവീണ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഷൗക്കത്തലിക്കും മകനും നേരെ സംഘം കത്തി വീശി. ഷൗക്കത്തലിയുടെ കൈക്ക് മുറിവേറ്റു. ഇരുവരും ബഹളം വച്ചുവെങ്കിലും കനത്ത മഴയായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഇതിനിടെ കത്തി വീശിക്കൊണ്ടു തന്നെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഒരാളേ മുഖം മൂടിയണിഞ്ഞിട്ടുള്ളൂവെന്നും രണ്ടാമനെ കണ്ടാലറിയാമെന്നും ഇരുവരും പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
നോര്‍ത്ത് അസി. കമ്മീഷണര്‍ കെ.അഷ്‌റഫിന്റെ നേതൃത്വത്തില്‍, മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്‍, കോസ്റ്റല്‍ സിഐ ടി.കെ.അഷ്‌റഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
















