മുക്കം: ക്ഷേത്ര ഭണ്ഡാരങ്ങളും കോവിലകങ്ങളും കുത്തിതുറന്ന് മോഷണം, വാഹന മോഷണം, കടകള്‍ കുത്തിതുറന്ന് മോഷണം എന്നിവ തൊഴിലാക്കിയ 30 ഓളം മോഷണക്കേസുകളിലെ പ്രതി കല്‍പ്പറ്റ കോട്ടത്തറ സ്വദേശി തൊമ്മന്‍ വളപ്പില്‍ ഹംസ (35 ) തിരുവമ്പാടിയില്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്‌ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വാഹന പരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി ഇയാള്‍ തിരുവമ്പാടി കുരിശുപള്ളി ജംഗ്ഷനില്‍ വെച്ച് താമരശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക പോലീസ് സ്‌ക്വാഡിന്റെ പിടിയിലായത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. നിരവധി കേസുകളില്‍ ഇതിന് മുന്‍പ് ശിക്ഷിക്കപെട്ടയാളു കൂടിയാണ് ഹംസ. തന്റെ 25- ാം വയസില്‍ പഴയ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയാണ് ഹംസയുടെ തുടക്കം .പിന്നീട് കടകള്‍ കുത്തി പൊളിച്ച് തുണിത്തരങ്ങള്‍ ,മസാല സാധനങ്ങള്‍, സിഗരറ്റ് തുടങ്ങിയവ മോഷ്ടിച്ചു. ഇതിന് ശേഷംമോട്ടോര്‍ ബൈക്കുകളും തുടര്‍ന്ന് ക്ഷേത്ര മോഷണത്തിലേക്കും തിരിയുകയായിരുന്നു. രണ്ട് തവണകളിലായി തിരൂര്‍ സബ് ജയിലില്‍ ഒമ്പത് മാസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടേമുക്കാല്‍ വര്‍ഷവും ശിക്ഷയനുഭവിച്ചിട്ടുണ്ട്. പാലക്കാട് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുമ്പോള്‍ ഷൊര്‍ണ്ണൂരില്‍ വെച്ച് തീവണ്ടിയില്‍ നിന്ന് ഒരു തവണ ചാടി രക്ഷപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, തൃത്താല, ആലത്തൂര്‍, ചാലിശ്ശേരി, ചെര്‍പ്പുളശേരി, പട്ടാമ്പി, മുണ്ടൂര്‍ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ അരീക്കോട്, മഞ്ചേരി ,എടവണ്ണപ്പാറ, വളാഞ്ചേരി സ്റ്റേഷനുകളിലും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റി, മാവൂര്‍ ,മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, മുക്കം എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തിരുവമ്പാടി എസ് ഐ സനല്‍രാജ്, അഡീഷണല്‍എസ് ഐമാരായ മോഹന്‍ ദാസ് , അഗസ്റ്റിന്‍, എ എസ് ഐ സുരേഷ്, സി പി ഒ രഞ്ജിത്ത്, സീനിയര്‍ സി പി ഒ സാജു, ജോസഫ് മാത്യു, സ്വപ്‌ന, ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ഷിബില്‍ ജോസഫ്, റഷീദ്, ബിജു എന്നിവരടങ്ങിയ സംഘമാണ് ഹംസയെ പിടികൂടിയത്.ഇയാളുടെ ഭാര്യ പിതാവ് സലിം കുപ്രസിദ്ധ മോഷ്ടാവാണന്നും ഇയാളുടെ കൂടെയാണ് മോഷണം നടത്താറെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും സലീമിനായി അന്വേഷണമാരംഭിച്ചതായും ഡിവൈഎസ്പി പറഞ്ഞു.
















