അടിമാലി: താലൂക്കാശുപത്രിയുടെ ജനറല്‍ വാര്‍ഡിലെ മേല്‍കൂരയില്‍ നിന്നും കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് മൂന്ന് രോഗികള്‍ക്ക് സാരമായി പരിക്കേറ്റു. വന്‍ ദുരുന്തമാണ് തലനാരിഴികയ്‌ക്ക് വഴിമാറിയത്. അടിമാലി താലൂക്കാശുപത്രിയിലെ വനിതാ വാര്‍ഡില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. രോഗിയായ കല്ലാര്‍ കാരക്കുന്നേല്‍ ലൈലയുടെ കിടക്കയിലേക്കാണ് കോണ്‍ക്രീറ്റ് ഭാഗം വീണത്. പടികപ്പ് കാവാട്ട് ഖദീജ,മച്ചിപ്ലാവ് കുടിയിലെ മീനാക്ഷി എന്നിവര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. ഖദീജയുടെ കൈയ്യിലേക്കാണ് സിമന്റ് കട്ടകള്‍ അടര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ നാല്‍പതോളം രോഗികളും അവരുടെ ബന്ധുക്കളും വാര്‍ഡില്‍ ഉണ്ടായിരുന്നു.സംഭവം കണ്ട് രോഗികളും ബന്ധുക്കളും വാര്‍ഡില്‍ നിന്നും പുറത്തേയ്‌ക്ക് ഇറങ്ങി ഓടി.പിന്നീട് ആശുപത്രി അധികാരികള്‍ എത്തി പൊട്ടി വീണ ഭാഗവും അപകടാവസ്ഥയില്‍ നില നിന്നിരുന്ന ഭഗങ്ങളും പൊട്ടിച്ച് മാറ്റി.പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതാണ് ഈ ആശുപത്രി കെട്ടിടം.കാലവര്‍ഷം ആരംഭിച്ചതോടെ വാര്‍ക്കയില്‍ വെള്ളം കെട്ടി കിടന്ന് ഈര്‍പ്പം ഉണ്ടാവുകയും തുടര്‍ന്ന് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് തേപ്പ് അടര്‍ന്ന് വീഴുകയുമായിരുന്നു.
















