തൊടുപുഴ: നിരവധി മോഷണ കേസുകളിലെ പ്രതികള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി. മഞ്ഞള്ളൂര്‍ പാലക്കുഴ പാലക്കുഴി വടക്കേക്കരവീട്ടില്‍ ലിബിന്‍(28), ഒളമറ്റം ആനിക്കാട്ട് രതീഷ് (കൊതുക് രതീഷ്-34) എന്നിവരാണ് പിടിയിലായത്. ഇന്നലെ വെളുപ്പിന് പെട്രോളിങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതികളെ വെങ്ങല്ലൂര്‍ ഭാഗത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ മോഷണസംഘമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച വാഴക്കുളം ടൗണിലെ ടയറുകടയില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണും ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രതീഷിന് തൊടുപുഴ, കല്ലൂര്‍കാട്, പോത്താനിക്കാട് സ്‌റ്റേഷനുകളിലും ലിബിന് തൊടുപുഴ, കല്ലൂര്‍കാട്, കൂത്താട്ടുകുളം എന്നീ സ്‌റ്റേഷനുകളിലും കേസ് ഉണ്ട്. റബ്ബര്‍ ഷീറ്റ്, ഗ്യാസ് കുറ്റി മോഷണ കേസുകളാണ് ഇവയെല്ലാം. ലിബിനെതിരെ 10 കേസുകളും രതീഷിനെതിരെ 9 കേസുകളുമാണ് നിലവിലുള്ളത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് പിടികൂടിയിട്ടുണ്ട്. മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ കുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ഡിവൈഎസ്പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് ഇന്‍സ്‌പെക്ടര്‍ റ്റി ആര്‍ രാജന്‍, ഉദ്യോഗസ്ഥാരായ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസ് വാഴക്കുളം പോലീസിന് കൈമാറുമെന്ന് എസ്‌ഐ റ്റി ആര്‍ രാജന്‍ പറഞ്ഞു.
















