കല്‍പ്പറ്റ : പടിഞ്ഞാറത്തറ ഗ്രാമപഞ്ചാത്തിലെ ബപ്പനമല അംബേദ്കര്‍ കോളനിയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും വയനാട്ടില്‍ അടിയ്ക്കടി നടക്കുന്ന വനവാസി പീഡനസംഭവങ്ങളിലും പോലീസും സര്‍ക്കാര്‍ അധികൃതരും അനാസ്ഥ കാണിക്കുന്നതില്‍ കേരളാ ആദിവാസി സംഘം പ്രതിഷേധിച്ചു.
ജില്ലയില്‍ ആദിവാസികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ആദിവാസി സംഘം ജില്ലാകമ്മിറ്റി അറിയിച്ചു.
ജില്ലയിലെ എല്ലാതരത്തിലുമുള്ള ചൂഷണങ്ങള്‍ക്കും ആദിവാസികള്‍ ഇരയാകുമ്പോഴും അധികാരികളുടെ ഭാഗത്തുനിന്നും ഇത് തടയുന്നതിനായുള്ള ഫലപ്രദാമായ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികളുമായി മുന്നോടുപോകാന്‍ ആദിവാസി സംഘം തീരുമാനിച്ചത്. ആദിവാസി പീഡനങ്ങള്‍ക്കെതിരെ ശക്തമായ വകുപ്പുകളും ശിക്ഷാനടപടികളും ഉണ്ടെന്നിരിക്കെ താല്‍ക്കാലികമായി കേസ് എടുക്കുക മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. ആദിവാസി വിഭാഗത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്യാനായിട്ടുള്ള സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ജില്ലയിലുണ്ടായിട്ടും കേസുകളില്‍ പുരോഗതിയില്ല. എല്ലാ റവന്യൂ താലൂക്കുകളിലും എസ്എംഎസ് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നും ജില്ലയില്‍ എസ്എംഎസ് കോടതി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേസുകളില്‍ ആദിവാസികള്‍ക്കനുകൂലമായ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അസംതൃപ്തരായവരെ ഒന്നിച്ചണിനിരത്തിയുള്ള പ്രക്ഷോഭ പരിപാടികളാണ് ആദിവാസി സംഘം തീരുമാനിച്ചിരിക്കുന്നത്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനായി സ്പെഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പാലേരി രാമന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. ബാബു, പി.ആര്.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: