കോഴിക്കോട്: ഇന്റര്‍നാഷണല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂലൈ 29, 30, 31 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്‌വെ ഞ്ചര്‍ ടൂറിസം സൊസൈറ്റി, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി പുല്ലൂരാംപാറ എന്നിവയുടെ ആഭിമുഖ്യത്തില്‍ മദ്രാസ് ഫണ്‍ടൂള്‍സിന്റെ സഹകരണത്തോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഞ്ചിപ്പുഴയിലുമായാണ് മത്സരങ്ങള്‍ നടത്തുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നും 50 ഓളം തുഴച്ചിലുകാര്‍ നാല് പ്രത്യേക ഇനങ്ങളായ കയാക്ക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ ടൈം ട്രയല്‍സ്, സൂപ്പര്‍ ഫൈനല്‍ എക്‌സ്ട്രീം റെയ്‌സ് എന്നീ ഇനങ്ങളില്‍ മത്സരിക്കും. പുതുതായി കയാക്കിങ് പരിശീലനം നേടിയവര്‍ക്കായി പ്രത്യേക മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് നാല് ലക്ഷം രൂപ ക്യാഷ് അവാര്‍ഡും നല്‍കും.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 29ന് രാവിലെ 10 മണിക്ക് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് സംസ്ഥാന ടൂറിസം, സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. ജോര്‍ജ് എം. തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 31ന് വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ഭാരവാഹികളായ പി.ടി. അഗസ്റ്റിന്‍, ടി.ടി. കുര്യന്‍, മദ്രാസ് ഫണ്‍ടൂള്‍സ് ഭാരവാഹികളായ ജാക്കോപോ നൊര്‍തേര, മണിക് തനേജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















