കല്‍പ്പറ്റ : അന്താരാഷ്ട്ര യുവനൈപുണ്യ വാരാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര നൈപുണ്യ-സംരംഭകത്വ മന്ത്രാലയം ഏര്‍പ്പെടുത്തിയ മികച്ച ഐ.ടി.ഐ, മികച്ച പ്രിന്‍സിപ്പല്‍, മികച്ച ഇന്‍സ്ട്രക്ടര്‍ എന്നീ വിഭാഗങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ കല്‍പ്പറ്റ കൃഷ്ണമോഹന് മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ കരസ്ഥമാക്കി. മികച്ച പ്രിന്‍സിപ്പലിനുള്ള പുരസ്കാരത്തിന് കല്‍പ്പറ്റ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി. വാസുദേവന്‍, മികച്ച ഇന്‍സ്ട്രക്ടര്‍ക്കുള്ള പുരസ്കാരത്തിന് ഐ.ടി.ഐയിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജീവന് ജോണ്‍സ് എന്നിവരാണ് അര്‍ഹരായത്. കല്‍പ്പറ്റ ഗവ. ഐ.ടി.ഐയെ മികവിന്റെ കേന്ദ്രമാക്കി (സെന്റര്‍ ഓഫ് എക്സലന്‍സ്) മാറ്റുന്നതിലും ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കുന്നതിലും മികച്ച തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും ഉറപ്പുവരുത്തുന്നതിലും വഹിച്ച പങ്കാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത സ്കില്‍ ഇന്ത്യ വാരാചരണ പരിപാടിയുടെ ഭാഗമായി ജൂലൈ 16ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രി രാജീവ് പ്രതാപ് റൂഡിയില്നിന്ന് ഇവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
രാജ്യത്തെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ പ്രഖ്യാപിച്ചതാണ് സ്കില്‍ ഇന്ത്യ പദ്ധതി. ഇതിന്റെ ഭാഗമായി ഈ വര്‍ഷം മുതലാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും മികവിന്റെ അടിസ്ഥാനത്തില്‍ ഐ.ടി.ഐകള്‍ക്ക് പുരസ്കാരം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലായി പ്രവര്‍ത്തിച്ചുവരുന്ന എഴുനൂറോളം സ്ഥാപനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടാണ് കല്‍പ്പറ്റ ഗവ.ഐ.ടി.ഐ ഈ നേട്ടം കരസ്ഥമാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് ഏറ്റവുമധികം തൊഴില്‍ ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്.
2009 മുതല്‍ കല്‍പ്പറ്റ ഗവ. ഐ.ടി.ഐയുടെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരുന്ന പി.വാസുദേവന്‍ 2014- 15ലെ സംസ്ഥാന എന്‍എസ്എസ് സെല്ലിന്റെ അവാഡ് ലഭിച്ചിട്ടുണ്ട്. കല്‍പ്പറ്റ അമ്പിലേരി സ്വദേശിയാണ്. ഭാര്യ: സ്മിത. മക്കള്‍: അമിത്, ആദിത്യ.
2004 മുതല്‍ കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ഡീസല്‍ ട്രേഡിലെ ഇന്‍സ്ട്രക്ടറായ ജീവന് ജോണ്‍സ് വാഴവറ്റ സ്വദേശിയാണ്. 2015-16ലെ മികച്ച ഇന്‍സ്ട്രക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും 2014-15ലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: ജിഷ. മക്കള്‍: ആര്‍ദ്ര, മിത്ര.
1982ല്‍ ആരംഭിച്ച കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മെക്കാനിക് (ഡീസല്‍), രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്, ഇലക്ട്രോണിക് മെക്കാനിക്ക്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ ട്രേഡുകളിലായി 420 ട്രെയിനികളാണ് ഓരോ വര്‍ഷവും പരിശീലനം നേടിവരുന്നത്. നിലവില്‍ ബി ഗ്രേഡ് ആയ ഈ സ്ഥാപനം ഒന്നാം ഗ്രേഡ് ആയി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശകള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: