തൊടുപുഴ: മുതലക്കോടത്ത് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉത്തരവിടുകയായിരുന്നു. ഇന്നലെ ജന്മഭൂമിയില്‍ വന്ന വാര്‍ത്ത പരിഗണിച്ചാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനോട് പരിശോധന നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ തൊടുപുഴ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണനാണ് വിഷയം ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ പരിശോധിക്കാന്‍ ഉത്തരവിടുകയായിരുന്നു. അതേ സമയം ഇത്തരത്തില്‍ മാലിന്യം ഒഴുകുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിക്ടോറിയ ജന്മഭൂമിയോട് പറഞ്ഞു. ഇന്നുതന്നെ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. സമീപത്ത് ഹോട്ടലുകള്‍ ഇല്ലെന്നും ആശുപത്രിയിലെ മാലിന്യം ഇങ്ങോട്ട് ഒഴുകുന്നില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കുന്നു. മുതലക്കോടം പട്ടയംകവല റോഡില്‍ റൈസ് മില്ലിന് സമീപമാണ് റോഡില്‍ നിന്ന് മാറി ഓട സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓട സമീപത്തെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് പത്തടിയോളം താഴ്‌ച്ചയിലാണ്.
















