ബത്തേരി : ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍ കല്ലൂര്‍ രാജീവ് ഗാന്ധി സ്മാരക റസിഡന്‍ഷ്യല്‍ വിദ്യാലയത്തില്‍ പ്ലസ് ടു ഹ്യൂമാനിറ്റീസിന് ചേര്‍ന്നവരും പ്ലസ്വണ് കോഴ്സിന് അപേക്ഷ നല്കിയവരും ബുദ്ധിമുട്ടിലായി.
2008ലാണ് വിദ്യാലയ അധികൃതര്‍ ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ക്ക് വേണ്ട അപേക്ഷ സര്‍ക്കാരിലേക്ക് നല്‍കിയത്. 2014-15 വര്‍ഷമാണ് കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ഇവിടെ തുടങ്ങിയത്.
ഒന്നാംവര്‍ഷ പരീക്ഷ എഴുതാറായപ്പോഴാണ് വിദ്യാലയത്തില്‍ ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. തുടര്‍ന്ന് കുട്ടികളെ ബത്തേരി സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്തിച്ചാണ് ഒന്നാം വര്‍ഷ പരീക്ഷ എഴുതിച്ചത്.
രണ്ടാം വര്‍ഷ ക്ലാസുകള്‍ നടത്താന്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഈ കോഴ്സിന്റെ ഒന്നാം വര്‍ഷ പ്രവേശനത്തിനായി ഈ വര്‍ഷം ഇവിടെ അപേക്ഷ നല്‍കിയത് 116 പേരാണ്. ഇവരില്‍ പലരും മറ്റ് വിദ്യാലയങ്ങളില്‍ അപേക്ഷ നല്കാത്തവരുമാണ്. കൊമേഴ്സ് ക്ലാസുകള്‍ തുടരാനും പുതിയ പ്രവേശനം നല്‍കാനും അനുമതി ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. മാനവിക വിഷയങ്ങളില്‍ ഉപരിപഠനത്തിന് താത്പര്യം കാണിക്കുന്ന വനവാസി കുട്ടികളോട് പോലും അധികാരികള്‍ കുറ്റകരമായ അവഗണനയാണ് കാണിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുളള വീഴ്ച്ചമൂലമാണ് ഹയര്‍സെക്കണ്ടറി പഠന രംഗത്ത് ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നും കല്ലൂര്‍ വനവാസി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കള്‍ ആവലാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: