നമുക്ക് സുപരിചിതമായൊരു ഫലമാണെങ്കിലും ഉന്മേഷദായിനിയായ പാഷന് ഫ്രൂട്ടിന്റെ പോക്ഷക ഗുണങ്ങളെയും ഔഷധ ഗുണങ്ങളെയും കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. പാസ്സിഫ്ലോറ എട്യുലിസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന എവിടെയും പടര്‍ന്നു കയറുന്നൊരു വള്ളിച്ചെടിയാണിത്.
കേരളത്തില്‍ ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്, മുസ്സോളിങ്ങ, സര്‍ബത്തുംകായ എന്നീ പേരുകളിലും പാഷന് ഫ്രൂട്ട് അറിയപ്പെടുന്നു. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷന് ഫ്രൂട്ട് നന്നായി വളരുന്നത്. മഞ്ഞ, പര്‍പ്പിള്‍ നിറങ്ങളിലുള്ള പാഷന് ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.
തെക്കേ അമേരിക്കയില്‍ത്തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പാഷന് ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ഭാരതത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി വാണിജ്യാടിസ്ഥാനത്തില്‍ പാഷന് ഫ്രൂട്ട് കൃഷി ചെയ്തുവരുന്നു. കേരളത്തില്‍ ഹൈറേഞ്ച് മേഖലയിലും വാണിജ്യാടിസ്ഥാനത്തില്‍ പാഷന് ഫ്രൂട്ട് കൃഷി നടക്കുന്നുണ്ട്. തളര്‍ച്ചയകറ്റി ഉന്മേഷം നല്കാന് അപാര ശേഷിയുള്ളതാണ് പാഷന് ഫ്രൂട്ട്. ഇതിലടങ്ങിരിക്കുന്ന പാസ്സിഫോറിനാണ് ശരീര വേദന ശമിപ്പിച്ചു ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നത്.
പുരാതന കാലം മുതല്‍ ഉറക്കമില്ലായ്മക്കും മന:സംഘര്‍ഷത്തിനും ഔഷധമായി പാഷന് ഫ്രൂട്ട് ജ്യൂസുപയോഗിച്ചു വരുന്നു. ദഹന പ്രക്രിയ സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും ആസ്ത്മ, മൈഗ്രേന് എന്നിവയുടെ ചികിത്സയ്ക്കും പാഷന് ഫ്രൂട്ട് ഫലപ്രദമാണ്. കൂടാതെ പാഷന് ഫ്രൂട്ടിന്റെ ഇലകളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാക്കാം.
വിറ്റാമിന്‍ ഇ ,വിറ്റാമിന്‍ എ, കാര്‍ബോഹൈഡ്രെറ്റ്, പ്രോട്ടീന്‍, ഫോസ്ഫറസ്, കാത്സ്യം,പൊട്ടാസ്യം, സോഡിയം, ഇരുമ്പ് എന്നിവ പാഷന് ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്നു. ഇവയെക്കൂടാതെ നിരോക്സീകാരികളുടെ നല്ലൊരു ശേഖരവും പാഷന് ഫ്രൂട്ടിലുണ്ട്.
പാഷന്‍ഫ്രൂട്ട് പല രൂപത്തിലും നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഫലം മുറിച്ചു കാമ്പെടുത്തു തനിയെയോ മധുരം ചേര്‍ത്തോ കഴിക്കാം. ജ്യൂസ്, സിറപ്പ്, വൈന്‍, സ്ക്വാഷ്, ജെല്ലി, എന്നിവയുണ്ടാക്കാനും പുറം തൊണ്ട് കൊണ്ട് അച്ചാരുണ്ടാക്കാനും , സമൂലം ചമ്മന്തിയുണ്ടാക്കാനും മറ്റു പാചക വിധികളില്‍ ചേരുവയായും പാഷന് ഫ്രൂട്ട് ഉപയോഗിച്ച് വരുന്നു. പഴച്ചാരുകള്‍ക്ക് മണവും നിറവും നല്‍കാനും പാഷന് ഫ്രൂട്ട് ഉപയോഗിക്കുന്നു.
ധാതുക്കളുടെയും പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പാഷന് ഫ്രൂട്ട്. ദാഹനസഹായികളായ നാരുകളാല്‍ സമ്പന്നമാണിത്. 100 ഗ്രാം പള്‍പ്പില്‍ 27% നാരുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരളമായി അടങ്ങിയിരിക്കുന്ന പാഷന് ഫ്രൂട്ട് ഫ്ളൂ, പനി, ജലദോഷം എന്നിവയെ ചെറുക്കും. വിറ്റാമിന്‍ എയുടെ സ്രോതസായ ഈ ഫലം കഴ്ചശക്തി വര്‍ദ്ധിപ്പിക്കും. പാഷന് ഫ്രൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കും. ഹൃദയാരോഗ്യത്തിനും പാഷന് ഫ്രൂട്ട് ഉത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: