ക്രോയ്ഡന്‍: രാമനാമ മുഖരിതമായ ഒരു സന്ധ്യ, കൊച്ചു കലാകാരന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, നാമസങ്കീര്‍ത്തനത്തിന്റെ അമൃത ധാര, രാമായണ പാരായണത്തിന്റെ കാവ്യാത്മകത, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന സത്സംഗം എത്ര വര്‍ണിച്ചാലും അധികമാവില്ല, ഒരു പക്ഷെ സംഘടനയുടെ ചരിത്രത്തിലെ തന്നെ മികച്ച പരിപാടികളില്‍ ഒന്നായി മാറി രാമായണ മാസാചരണം.
സദസിനെ മുഴുവന്‍ തങ്ങളുടെ അഭിനയ പാടവം കൊണ്ടു വിസ്മയിപ്പിച്ച ബാലവേദി തന്നെയാണ് സത്സംഗത്തിലെ താരങ്ങള്‍. കെ. ജയലക്ഷ്മി സംഭാഷണവും സംവിധാനവും നിര്‍വഹിച്ചു ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിഭാഗം ആയ ബാലവേദി അവതരിപ്പിച്ച മൂന്നാമത് നാടകം സീതാപഹരണം കുറവുകള്‍ ഏതും ഇല്ലാത്ത കലാസൃഷ്ട്ടി ആയി മാറുകയായിരുന്നു.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭജനയോടെ സത്സംഗം ആരംഭിച്ചു. ഭജനയ്ക്ക് ശേഷം ദിവ്യ ബ്രിജേഷിന്റെ രാമായണ പാരായണം നടന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡത്തിലെ ഉമാ മഹേശ്വര സംവാദം ആണ് ദിവ്യ പാരായണത്തിനായി തിരഞ്ഞെടുത്തത്.
പിന്നീട് വേദിയില്‍ നടന്നത് ഏവരെയും വിസ്മയിപ്പിച്ച സീതാപഹരണം നാടകം ആയിരുന്നു. ബാലവേദിയിലെ നാലു മുതല്‍ പതിമൂന്നു വയസ്സുവരെയുള്ള പത്തൊന്‍പതു കുരുന്നുകളെ അച്ചടക്കത്തോടെ, കഥാപാത്രങ്ങള്‍ അര്‍ഹിക്കുന്ന പക്വതയോടെ വേദിയില്‍ അവതരിപ്പിച്ചത് ജയലക്ഷ്മി എന്ന സംവിധായകയുടെ മികവിന്റെ ഉദാഹരണമായി.
ആശ്രികാ അനില്‍കുമാര്‍, അപര്‍ണ, നവനീത് കൃഷ്ണന്, അശ്വിന് സുരേഷ്, ദേവിക പന്തല്ലൂര്‍, മനസ് മേനോന്, സിദ്ധാര്‍ഥ് ഉണ്ണിത്താന്, നിതിന്‍ രാകേഷ്, നേഹ ബാബു, ഋഷി പന്തല്ലൂര്‍, ഗൗരി, അമൃത സുരേഷ്, ശ്രേയാ ഉണ്ണിത്താന്, അദ്വൈത് അനില്‍കുമാര്‍, വേദ മേനോന്, വിനായക് സുധീര്‍, കാര്‍ത്തിക് സുധീര്‍, ദേവിക പ്രവീണ്‍, അപര്‍ണ സുരേഷ് എന്നീ കുട്ടികളാണ് സീതാപഹരണം നാടകത്തില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കിയത്.
തന്റെ നാല്പത്തിനാല് വര്‍ഷത്തെ ലണ്ടന്‍ ജീവിതത്തില്‍ ഇതുപോലെയുള്ള ഒരു അനുഭവം ആദ്യമായിരുന്നു എന്നും, പല രംഗങ്ങളും വളരെ വൈകാരികമായി മനസില്‍ തട്ടി എന്നും പങ്കെടുത്ത കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത് കൊണ്ടു ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്മാന് കൂടിയായ ടി ഹരിദാസ് അഭിപ്രായപ്പെട്ടു.
യുകെയിലെ നാടകവേദികളിലെ സ്ഥിരം സാന്നിധ്യമായ പ്രേംകുമാര്‍ കുട്ടികളുടെ അഭിനയം അസൂയവാഹമാണെന്നു പറഞ്ഞപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ കുട്ടികളില്‍ എത്തിക്കുന്നതില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്രോയ്ഡനിലെ സാംസ്കാരിക സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായ അശോക് കുമാറും പറഞ്ഞു.
നാടകത്തിനുശേഷം പതിവുപോലെ ദീപാരാധനയും അന്നദാനവും നടന്നു. മുരളി അയ്യര്‍ പൂജകള്‍ക്ക് നേതൃത്വത്തെ നല്കി. ഇനി അടുത്ത മാസം 27 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന് ആഘോഷങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: