പരപ്പനങ്ങാടി: നെടുവ സിഎച്ച്സിയോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പരപ്പനങ്ങാടി നഗരസഭയിലെ ജനങ്ങളുടെയും വള്ളിക്കുന്ന്, മൂന്നിയൂര്‍, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലേയും സാധാരണക്കാരുടെ ഏക ആശ്രയമാണ് നെടുവ സിഎച്ച്സി. ഇടതുവലതു സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും ശാപമോക്ഷം ലഭിക്കാത്ത ആശുപത്രിയായി ഇത് മാറാന്‍ കാരണം സ്വകാര്യ ആശുപത്രികളുമായുള്ള അധികൃതരുടെ രഹസ്യബന്ധമാണ്. ഗൈനക്കോളജിസ്റ്റും പ്രസവസ്ത്രീ രോഗചികിത്സയും കുടുംബാസൂത്രണ ശസ്ത്രക്രിയകളും ഇവിടെ നിലച്ചിട്ട് പതിനഞ്ച് വര്‍ഷത്തോളമായി. പകല്‍ 12 മണിയോടെ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം പരിശോധന കഴിയും. പിന്നീട് എത്തുന്നവര്‍ക്ക് ചികിത്സയില്ല. താലൂക്ക് ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യവുമുള്ള ഈ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇതുവരെ ഒരു ചെറുവിരല്‍ പോലുമനക്കിയിട്ടില്ല.
ആനപ്പടി മാവേലി സ്റ്റോര്‍ പരിസരത്ത് നിന്നും ആരംഭിച്ച ബഹുജന മാര്‍ച്ചും ധര്‍ണയും ബിജെപി മേഖല സെക്രട്ടറി എംപ്രേമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ഗീതാ മാധവന്, അതിക പാലംപടിയില്‍, ദീപ പുഴക്കല്‍, പി.ജഗന്നിവാസന്‍, സി.ജയദേവന്, കാട്ടില്‍ ഉണ്ണികൃഷ്ണന്, നഗരസഭ കൗണ്‍സിലര്‍മാരായ തറയില്‍ ശ്രീധരന്, പി.വി.തുളസിദാസ്, ഉഷ പാലക്കല്‍, അംബിക മോഹന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: