കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പിന് മൂന്ന് പഞ്ചായത്തുകളിലുളള 36 വാര്‍ഡുകളിലായി 72 പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കും. 316 പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ റാംപ്, കുടിവെളളം, വൈദ്യുതി, ടോയ്ലറ്റ് സംവിധാനങ്ങളൊരുക്കും. ഉദുമ ഗ്രാമപഞ്ചായത്തില്‍ 21 ഉം പളളിക്കരയില്‍ എട്ടും ചെമ്മനാട് ഏഴും വാര്‍ഡുകളാണ് നിയോജക മണ്ഡല പരിധിയില്‍ ഉള്‍പ്പെടുന്നത്. 24475 പുരുഷന്മാരും 27460 സ്ത്രീകളും ഉള്‍പ്പെടെ 51935 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. ഇവരില്‍ 12649 പുരുഷന്മാരും 15170 സ്ത്രീകളും ഉള്‍പ്പെടെ 27819 വോട്ടര്‍മാരാണ് ഉദുമ പഞ്ചായത്തിലുളളത്. പളളിക്കരയില്‍ 6121 പുരുഷന്മാരും 6393 സ്ത്രീകളും ഉള്‍പ്പെടെ 12514 പേരും ചെമ്മനാട് പഞ്ചായത്തില്‍ 5705 പുരുഷന്മാരും 5897 സ്ത്രീകളും ഉള്‍പ്പെടെ 11602 പേരാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സമ്മതിദായകര്‍. 28 ന് വോട്ടെടുപ്പ് നടക്കും. 29 ന് വോട്ടെണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 44 സെന്‍സിറ്റീവ് ബൂത്തുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: