തൊടുപുഴ: തങ്കമണി പോലീസ് സ്‌റ്റേഷന്‍ പരിധി ഇനി വനിത സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കൈകളില്‍. ഇടുക്കിയിലെ ആദ്യ വനിത സബ് ഇന്‍സ്‌പെക്ടറെയാണ് തങ്കമണിയില്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ വനിത എസ്‌ഐമാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏഴ് വനിത എസ്‌ഐമാരെയാണ് ഇത്തരത്തില്‍ നിയമിച്ചിരിക്കുന്നത്. ഇടുക്കിയിലെ പുതിയ സ്റ്റേഷനായ തങ്കമണിയിലാണ് ആദ്യ വനിത എസ്‌ഐയായി കെ ജെ ജോഷി ചാര്‍ജ്ജെടുക്കുന്നത്. ഇടുക്കി വനിതാ സെല്ലിലെ എസ്‌ഐ ആയിരുന്ന ഇവരെ തങ്കമണി സ്‌റ്റേഷനിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഉത്തരവിറക്കിയത്. നിലവില്‍ തങ്കമണി സ്റ്റേഷനിലെ എസ്‌ഐയായിരുന്ന ജോബിനെ കാഞ്ഞാറിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ഇന്നലെ ലഭിച്ച ഉത്തരവ് പ്രകാരം ഇന്ന് രാവിലെ ചാര്‍ജ്ജെടുക്കാനാണ് നിര്‍ദ്ദേശം. മികച്ച പ്രവര്‍ത്തനത്തിലൂടെ പേരെടുത്ത ജോഷി മൂന്ന് വര്‍ഷമായി ഇടുക്കി വനിത സെല്ലില്‍ എസ്‌ഐയായി ജോലി നോക്കി വരികയാണ്. 91 ബാച്ചിലെ അംഗമായ ഇവര്‍ കട്ടപ്പന സ്വദേശിനിയാണ്. നിലവില്‍ വനിതാ സെല്ലില്‍ സിഐ ഇല്ലാത്തതിനാല്‍ എസ്പിയുടെ അനുവാദത്തോടെ മാത്രമേ ചാര്‍ജ്ജെടുക്കുവെന്നാണ് ജോഷി നല്‍കുന്ന വിശദീകരണം.
















