ആന്റ്വിഗ: ടീം ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റ അനിൽ കുംബ്ലെക്ക് വിജയത്തുടക്കം. ഒപ്പം മുഴുവൻ സമയ ക്യാപ്റ്റനായി മാറിയ വിരാട് കോഹ്‌ലിക്കും ഉപഭൂഖണ്ഡത്തിന് പുറത്ത് ആദ്യവിജയം. ഓഫ് സ്പിന്നർ ആർ. അശ്വിന്റെ മാന്ത്രിക ബൗളിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ് വിജയം. ഇന്നിങ്‌സിനും 92 റൺസിന്റെയും കൂറ്റൻ വിജയമാണ് കോഹ്‌ലിയും കൂട്ടരും ആദ്യ ടെസ്റ്റിൽ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സിൽ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ 323 റൺസ് വേണ്ടിയിരുന്ന വിൻഡീസിനെ 231 റൺസിന് അശ്വിനും കൂട്ടരും എറിഞ്ഞിട്ടു. ഒരു ദിവസത്തിലേറെ ബാക്കിനിൽക്കേയാണ് ഇന്ത്യൻ വിജയം. ആദ്യ ഇന്നിങ്‌സിൽ വിക്കറ്റൊന്നും ലഭിക്കാതിരുന്ന അശ്വിൻ രണ്ടാം ഇന്നിങ്‌സിൽ 25 ഓവറിൽ 83 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകളാണ് പിഴുതത്. മൂന്നാം തവണയാണ് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിങ്‌സിൽ 7 വിക്കറ്റുകൾ വീഴ്‌ത്തുന്നത്.
അശ്വിനാണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ ഇന്ത്യ എട്ടിന് 566, വെസ്റ്റിൻഡീസ് 243, 23. ആദ്യ ഇന്നിങ്‌സിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയുടെയും (200), അശ്വിന്റെ സെഞ്ചുറിയുടെയും (113) കരുത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 566 റൺസെടുത്തത്.
വിൻഡീസിൽ ആദ്യമായാണ് ഇന്ത്യ ഇന്നിങ്‌സ് വിജയം കൈവരിക്കുന്നത്. ഒപ്പം ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ വിജയവും ഇന്ത്യ സ്വന്തമാക്കി. 2005-06-ൽ സിംബാബ്‌വെയെ ഇന്നിങ്‌സിനും 90 റൺസിനും പരാജയപ്പെടുത്തിയതായിരുന്നു ഉപഭൂഖണ്ഡത്തിന് പുറത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിജയം.
സ്വന്തം മണ്ണിൽ വിൻഡീസിന്റെ ഏറ്റവും വലിയ പരാജയവും ഇതുതന്നെ. 2005-ൽ ബാർബഡോസിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സിനും 86 റൺസിനും അവരെ പരാജയപ്പെടുത്തിയിരുന്നു. സ്വന്തം മണ്ണിൽ അഞ്ചാമത്തെ ഇന്നിങ്‌സ് പരാജയമാണ് വിൻഡീസ് നേരിട്ടത്. വെസ്റ്റിൻഡീസി ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് അശ്വിന്റേത്.
49ന് രണ്ട് എന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വിൻഡീസ് അശ്വിന്റെ ബൗളിങിൽ കടപുഴകുകയായിരുന്നു. മൂന്നാം വിക്കറ്റ് 88 റൺസിലെത്തിയപ്പോൾ നഷ്ടമായി. 31 റൺസെടുത്ത രാജേന്ദ്ര ചന്ദ്രികയെ അശ്വിൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു. നാല് റൺസ് കൂടി സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തപ്പോഴേക്കും നാലാം വിക്കറ്റും വീണു. റണ്ണൊന്നുമെടുക്കാതിരുന്ന ബ്ലാക്ക്‌വുഡിനെ അശ്വിൻ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു.
സ്‌കോർ 101-ൽ എത്തിയപ്പോൾ മികച്ച ബാറ്റ്‌സ്മാൻ മർലോൺ സാമുവൽസിനെ (50) അശ്വിൻ ബൗൾഡാക്കി. സ്‌കോർ 106-ൽ എത്തിയപ്പോൾ 8 റൺസെടുത്ത അരങ്ങേറ്റക്കാരൻ റോസ്റ്റൺ ചേസിനെയും അശ്വിൻ മടക്കി. സ്‌കോർ 120-ൽ എത്തിയപ്പോൾ 9 റൺസെടുത്ത ഷെയ്ൻ ഡൗറിച്ചിനെ അമിത് മിശ്ര വിക്കറ്റിന് മുന്നിൽ കുടുക്കി. 12 റൺസ് കൂടി സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തപ്പോഴേക്കും 16 റൺസെടുത്ത ജാസൺ ഹോൾഡറെ അശ്വിൻ ബൗൾഡാക്കി. സ്‌കോർ 8ന് 132. ഒമ്പതാം വിക്കറ്റിൽ കാർലോസ് ബ്രാത്ത്‌വെയ്റ്റും ബിഷുവും മികച്ച ബാറ്റിങ് നടത്തിയതോടെ ഇന്ത്യൻ വിജയം വൈകി. 95 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
ഒടുവിൽ സ്‌കോർ 227-ൽ എത്തിയപ്പോൾ അശ്വിൻ വീണ്ടും രക്ഷകനായി. 45 റൺസെടുത്ത ബിഷുവിനെ പൂജാരയുടെ കൈകളിലെത്തിച്ച് ഇന്ത്യയെ വിജയത്തിന്റെ പടിവാതിൽക്കലെത്തിച്ചു. സ്‌കോർ 231-ൽ എത്തിയപ്പോൾ നാല് റൺസെടുത്ത ഗബ്രിയേലിനെയും അശ്വിൻ ബൗൾഡാക്കിയതോടെ ഇന്ത്യക്ക് ചരിത്രവിജയം സ്വന്തം. 51 റൺസുമായി കാർലോസ് ബ്രാത്ത്‌വെയ്റ്റ് പുറത്താകാതെ നിന്നു. രണ്ടാം ടെസ്റ്റ് 30ന് കിങ്‌സ്റ്റണിൽ ആരംഭിക്കും.
ടീം ഇന്ത്യക്ക് സച്ചിന്റെ അഭിനന്ദനം
മുംബൈ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ചരിത്രവിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിൻ ടീമിനെയും, നായകൻ വിരാട് കോഹ്‌ലി, കോച്ച് അനിൽ കുംബ്ലെ, മാൻ ഓഫ് ദി മാച്ച് രവിചന്ദ്ര അശ്വിൻ എന്നിവരെ അനുമോദിച്ചത്.
നായകനെന്ന നിലയിൽ കോഹ്‌ലിക്കും മികച്ച പ്രകടനം പുറത്തെടുത്ത അശ്വിനു അഭിനന്ദനങ്ങൾ എന്നു കുറിച്ച സച്ചിൻ കോച്ചായുള്ള കുംബ്ലെയുടെ തുടക്കം മികച്ചതായെന്നുമാണ് ട്വീറ്റ് ചെയ്തത്. കളിയുടെ സമസ്ത മേഖലയിലും മികച്ചു നിന്ന ടീം ഇന്ത്യ, ഇന്നിംഗ്‌സിനും 92 റൺസിനുമാണ് വിൻഡീസിനെ തകർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: