കല്‍പ്പറ്റ : വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ മദ്യപിച്ചെത്തി അതിക്രമം കാട്ടിയ സംഭവത്തില്‍ രണ്ട് പ്രതികളെ കോടതി റിമാന്റ് ചെയ്തു. കാട്ടിക്കുളം നരിക്കുന്നേല്‍ രാമന് എന്ന അനില്‍കുമാര്‍ തെങ്ങുംമുണ്ട കൈപ്രവന്‍ നാസര്‍ എന്നിവരെയാണ് കല്‍പ്പറ്റ അഡ്ഹോക്ക് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം മജിസ്ട്രേട്ടിനു മുമ്പില്‍ യുവതികള്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഏറെ വിവാദമായ വെള്ളമുണ്ട വാളാരംകുന്ന് കോളനി സംഭവത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. 17ന് പുലര്‍ച്ചേ കോളനിയിലെ ഒരുവീട്ടില്‍ രണ്ട് യുവതികളെ ഭര്ത്താക്കന്മാരെ കത്തിമുനയില്‍നിര്‍ത്തി പീഡിപ്പിച്ചെന്നാണ് പരാതി. എന്നാ ല്‍ വെള്ളമുണ്ട പോലീസില്‍ ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചത് 20ന് ആയിരുന്നു. അതുവരെയും കോളനിയില്‍ മദ്യപിച്ചെത്തി ഭര്ത്താക്കന്മാരോടൊപ്പം ബഹളമുണ്ടാക്കിയെന്നായിരുന്നു പോലീസിനി ലഭിച്ച വിവരം. ഇത്പ്രകാരം പോലീസ് കോളനിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. പീഡിപ്പിച്ചതായി രേഖാമൂലം പരാതി ലഭിച്ചതോടെ പോലീസ് യുവതികളുടെ മൊഴിയെടുത്തെങ്കിലും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മജിസ്ട്രേട്ടിനുമുമ്പില്‍ ഹാജരാക്കി രഹസ്യമൊഴിയെടുത്ത് കേസ്സെടുക്കാന്‍ തിരുമാനിച്ചത്. ഇത്പ്രകാരം ബത്തേരി മജിസ്ട്രേട്ടിനുമുന്നില്‍ യുവതികള്‍ നല്കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കേസ്സെടുത്തത്. മദ്യപിച്ചെത്തിയ യുവാക്കള്‍ വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് അതിക്രമിച്ച് അകത്തുകയറി വീട്ടുകാര്‍ക്ക് മാനഹാനിവരുത്തുന്ന രീതിയില്‍ പെരുമാറിയെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തില്‍ കേസ്സെടുക്കാന്‍ വൈകിയതായി ആരോപിച്ച് വെള്ളമുണ്ട സബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: