മാനന്തവാടി : വരമ്പത്ത് കൂലി വാങ്ങിയാല്‍ കൂലിക്കനുസരിച്ച് പണിയെടുക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്. മാനന്തവാടി കോ ഓപ്പറേറ്റീവ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരപരാധികളായ യുവാക്കളെ കളളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുളള സിപിഎം പോലീസ് നീക്കത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സറ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിട്ടുളള കളളക്കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയ്യാറാകണം. ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ അന്തിയുറങ്ങാന്‍ സംരക്ഷണം നല്‍കേണ്ട പോലീസ് പാതിരാത്രിയില്‍ വീടുകളില്‍കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പോലീസുകാര്‍ സിപിഎമ്മിന് വിടുപണി ചെയ്യേണ്ടവരല്ല. അത്തരക്കാര്‍ പോലീസ് സേനയിലുണ്ടെങ്കില്‍ രാജിവെച്ച് ചെങ്കൊടി പിടിക്കുന്നതാണ് നല്ലത്. പോലീസിന്റെ ഭാഗത്തുനിന്നുമുളള പക്ഷപാതപരമായ നിലപാടുകള്‍ നീതിന്യായ വ്യവസ്ഥയോടുളള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും ഇത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കും. സത്യസന്ധമായി നീതിനിര്‍വഹണം നടത്താന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും തങ്ങളും ഒരു ഭരണകക്ഷിയാണെന്ന കാര്യം പോലീസ് വിസ്മരിക്കരുതെന്നും വി.കെ.സജീവന് പറഞ്ഞു.
എരുമത്തെരുവില്നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷനുസമീപം മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബാരിക്കേഡുകള്‍ തീര്‍ത്താണ് പോലീസ് മാര്‍ച്ച് തടഞ്ഞത്. മാനന്തവാടിയില്‍ ആദ്യമായിട്ടാണ് പ്രതിഷേധമാര്‍ച്ച് തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ക്കുന്നത്.
ബിജെപി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ സജിശങ്കര്‍, എബിവിപി ജില്ലാ കണ്‍വീനര്‍ ദിപു, ആര്‍എസ്എസ് മാനന്തവാടി താലൂക്ക് കാര്യവാഹ് ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: