പുലാമന്തോള്‍: പാലൂരില്‍ സുരക്ഷാഭിത്തിയോ മുന്നറിയിപ്പ് അടയാളങ്ങളോ ഇല്ലാത്ത കനാലോരം അപകട ഭീഷണിയുയര്‍ത്തുന്നു. പാലൂര്-വടക്കന്‍ പാലൂര് റോഡില്‍ പാലൂര് ജുമാമസ്ജിദിന് സമീപം മീറ്ററുകളോളം ആഴമുള്ള കനാലാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ഭീഷണിയാകുന്നത്. പാലൂരില്‍ നിന്നും വടക്കന്‍ പാലൂര് -വടക്കേക്കര ചോലാര്കുന്ന് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏക ആശ്രയമായ റോഡിനരികിലുള്ള ഈ കനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലൂര് -ആലംപാറ പാടങ്ങളിലെ കാര്‍ഷിക ആവശ്യത്തിന് നിര്‍മിച്ചതാണ്. എന്നാല്‍ കാലങ്ങളായി ജലസേചനമില്ലാതെ മാലിന്യം തള്ളാനും ചപ്പുചവറുകള്‍ നിക്ഷേപിക്കാനുമാണ് ഇപ്പോള്‍ കനാല്‍ ഉപയോഗിക്കുന്നത്. പാലൂര് ജുമാമസ്ജിദിന്നും ആഴമേറിയ ഈ കനാലിനും ഇടയിലൂടെയുള്ള വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ സൈഡൊതുക്കുമ്പോള് പലപ്പോഴും കനാലില്‍ വീഴാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഈ കനാലിന് സംരക്ഷണ ഭിത്തികെട്ടി റോഡും കനാലും സംരക്ഷിക്കണമെന്നാണ് പാലൂര്, വടക്കന്‍ പാലൂര് പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: