കല്‍പ്പറ്റ: സര്‍ക്കാരില്‍ നിന്ന് അന്തിമ തീരുമാനം വരുന്നതു വരെ ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് ലോണെടുത്തവരെ ജപ്തി ചെയ്യുന്നതിനുള്ള ഉദ്യോഗസ്ഥരുടെ നടപടികള്‍ നിറുത്തിവെക്കണമെന്ന് ഹൗസിംഗ് ബോര്‍ഡ് ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരങ്ങളെ നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പു നല്കി. രണ്ട് ലക്ഷം രൂപ വരെ ലോണെടുത്തവരുടെ മുഴുവന്‍ തുകയും എഴുതി തള്ളുക, അതിനു മുകളില്‍ ലോണെടുത്തവരുടെ മുതല്‍ തവണകളായി അടക്കാനുള്ള സാവകാശം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന് വര്‍ഷങ്ങളായി സമരത്തിലാണ്. എന്നാല്‍ ഇതുവരെ നടപടികളുണ്ടായില്ല. ബ്രഹ്മഗിരിക്കു വേണ്ടി 15 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ലോണെടുത്ത് കടക്കെണിയിലായവര്‍ക്കായി തുക മാറ്റിവെച്ചില്ല.ഉദ്യോഗസ്ഥര്‍ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്. കൊള്ള പലിശകള്‍ ചേര്‍ത്ത് വായ്പ ഒരിക്കലും തിരിച്ചടക്കാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ജപ്തി നടപടികള്‍ക്ക് അനാവശ്യ തിടുക്കം കൂട്ടുകയുമാണ് ഉദ്യോഗസ്ഥര്‍. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥ നടപടി എം.എല്‍.എക്കു മുമ്പിലും മുഖ്യമന്ത്രിക്കു മുമ്പിലും ബോധിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ അസോസിയേഷന് ചെയര്മാന് ജോസഫ് അമ്പലവയല്‍, ജനറല്‍ സെക്രട്ടറി പി.സി. മാത്യു, ടി.വി. സുധീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: