കല്‍പ്പറ്റ : മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനു ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വയനാട് സന്ദര്‍ശിക്കുന്ന വനംമന്ത്രി വനമേഖലയിലെ സ്ഫോടനാത്മകമായ അവസ്ഥ പരിഹരിക്കുന്നതിനു പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍പോലും പറ്റാത്തവിധം വഷളായിരിക്കയാണ് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം. അഴിമതി നിറഞ്ഞതും കാര്യശേഷി തീരെ കുറഞ്ഞതുമായ പരമ്പരാഗത വന്യജീവി പ്രതിരോധ മാര്‍ഗങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കുന്നത് പാഴ്വേലയാണ്. കാടിനുള്ളില്‍ കുടുങ്ങിയ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ സ്വയം ഒരുക്കാന്‍ തയാറുള്ളവരെ അതിനു അനുവദിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണിക്കുമുള്ള മുഴുവന്‍ ചെലവും കര്‍ഷകര്‍ക്ക് നേരിട്ട് അനുവദിക്കണം. വനാതിര്‍ത്തികള്‍ റെയില്‍പാളങ്ങള്‍ ഉപയോഗിച്ച് വേലികെട്ടിത്തിരിക്കുന്നത് പരിഗണിക്കാവുന്നതാണ്. വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിനു മാന്യമായ സമാശ്വാസധനം സമയബന്ധിതമായി നല്‍കണം.
വനത്തിലെ ഏകവിളത്തോട്ടങ്ങള്‍ മുറിച്ചുമാറ്റുന്നതിനും സ്വാഭാവിക വനവല്‍ക്കരണത്തിനും പദ്ധതി നടപ്പിലാക്കണം. ജില്ലയിലെ ഒരു ലക്ഷം ഹെക്ടര്‍ വരുന്ന വനത്തില്‍ മൂന്നിലൊന്നും തേക്ക്, യൂക്കാലിപ്ടസ് തോട്ടങ്ങളാണ്. വേനല്‍ക്കാലങ്ങളിലെ ശക്തമായ വരള്‍ച്ചയ്ക്ക് ഒരളവോളം കാരണം ഈ ഏകവിളത്തോട്ടങ്ങളാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ കാടിറങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. വടക്കേ വയനാട് വയനാട് വനം ഡിവിഷനിലെ പേരിയ പീക്കില്‍ 200 ഏക്കര്‍ നൈസര്‍ഗിക വനം നശിപ്പിച്ച് മഹാഗണിത്തോട്ടമുണ്ടാക്കുകയാണ്. ഈ പ്രവൃത്തി ഉപേക്ഷിക്കുന്നതിനും സ്ഥലത്ത് സ്വാഭാവിക വൃക്ഷങ്ങളുടെ തൈകള്‍ നടുന്നതിനും നടപടി ഉണ്ടാകണം. ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും ടൂറിസത്തിന്റെ പേരില്‍ നടത്തുന്ന പ്രകൃതി സൗഹൃദമല്ലാത്ത പ്രവൃത്തികള്‍ നിര്‍ത്തിവെക്കണം. ഇവിടങ്ങളില്‍ ഇതിനകം നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണം.
വനാവകാശ നിയമം ബാധകമല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ചെതലയം റെയ്ഞ്ചിലെ നെക്കുപ്പയില് വനഭൂമി നല്‍കാനുള്ള നീക്കം തടയണം. വനഭൂമി നിയമവിരുദ്ധമായി ആദിവാസികള്‍ക്ക് നല്കുന്നതിനു റവന്യൂ ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചന അന്വേഷണവിധേയമാക്കണം. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വനത്തിനു പുറത്ത് സ്ഥലവും വീടും നല്കുന്നതിനു അടിയന്തര നടപടി ഉണ്ടാകണം-സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: