കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ മുന്നൂറ് പൊതി കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെഎല്‍-02 എഡി 1843 രജിസ്റ്റര്‍ നമ്പരോടുകൂടിയ ബൈക്കും കസ്റ്റഡിയിലെടുത്തു.
കിളികൊല്ലൂര്‍ പറങ്കിമാംവിള കൊച്ചുവീട്ടില്‍ തൊടിയില്‍ കമറുദ്ദീന്‍(57), വരാലുവിളവീട്ടില്‍ റഷീദ്(61) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം-ചെങ്കോട്ട റോഡില്‍ കിളികൊല്ലൂര്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറിക്ക് മുന്‍വശംവച്ചാണ് ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതികളെ കഴിഞ്ഞദിവസം വൈകുന്നേരത്ത് അറസ്റ്റ് ചെയ്തത്.
ചെറുപൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉസലാംപെട്ടിയില്‍നിന്നും തമിഴ്‌നാട് സ്വദേശിയായ ഒരാളാണ് പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് എന്ന് പ്രതികള്‍ എക്‌സൈസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തമിഴ്‌നാട് സ്വദേശിയെക്കുറിച്ച് എക്‌സൈസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
പ്രതികളില്‍നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുരേഷിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.പി. ആന്‍ഡ്രൂസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, പ്രിവന്റീവ് ഓഫീസര്‍ നിഷാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, മനേഷ്യസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
















