തിരുവനന്തപുരം : മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 24ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
മൂന്നാര്‍ സന്ദര്‍ശിച്ച് കൈയേറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശുപാര്‍ശയിലാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. യോഗത്തിലേക്കു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കും. കൈയേറ്റത്തെ എല്ലാവരും എതിര്‍ക്കുന്നവരാണ്. യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പിന്തുണയും, നിര്‍ദ്ദേശങ്ങളും യോഗത്തില്‍ നല്‍കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കില്ല. മൂന്നാറില്‍ വ്യാപകമായ കൈയേറ്റമാണു നടന്നിരിക്കുന്നത്. ആദിവാസികളെയും, കര്‍ഷകരെയും മുന്‍നിര്‍ത്തിയാണ് മൂന്നാറില്‍ ഭൂമാഫിയ അഴിഞ്ഞാടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറിലെ സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും കൈയേറാന്‍ ആരെയും അനുവദിക്കില്ല. കൈയേറിയ ഭൂമി വനഭൂമിയായാലും, സര്‍ക്കാര്‍ ഭൂമിയായാലും മറ്റേത് വകുപ്പിന്റേതായാലും സര്‍ക്കാര്‍ തിരിച്ച് പിടിക്കുക തന്നെ ചെയ്യും.
ഭൂമി പിടിച്ചെടുക്കുന്നതിന് നശീകരണ പ്രവര്‍ത്തനങ്ങളോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അല്ല സര്‍ക്കാര്‍ നടത്തുക. മൂന്നാറില്‍ കൃഷി ചെയ്ത് ജീവിക്കുന്ന ആദിവാസികളെ സംരക്ഷിച്ചു കൊണ്ടായിരിക്കും സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി വിരമിച്ച കെ.എം. ചന്ദ്രശേഖറിനെ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: