തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.സി.ജോസഫ്. എന്നാല്‍ ഇത് ഉത്പാദകരുടെയും ഉപഭോക്താവിന്റെയും താത്പര്യങ്ങള്‍ ഒരു പോലെ പരിഗണിച്ചു കൊണ്ടായിരിക്കും. പാല് വില വര്‍ധിപ്പിക്കാതെ ക്ഷീരകര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടു പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി തൊഴില്‍ നല്‍കും. വര്‍ധിച്ചു വരുന്ന പാലുത്പാദന ചെലവ് കുറയ്ക്കും. മൂവായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. 178 ലക്ഷം രൂപ തീറ്റപ്പുല്‍കൃഷിക്ക് സബ്സിഡിയായി വിതരണം ചെയ്യും. പുതിയ ക്ഷീരകര്‍ഷക സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. ഇതിലേക്ക് 4.5 ലക്ഷം രൂപ ഓപ്പറേഷണല്‍ സബ്സിഡിയായി നല്‍കും. ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് 28 ബ്ലോക്കു തല ക്ഷീരോത്സവങ്ങളും സെമിനാറുകളും കന്നുകാലി പ്രദര്‍ശനങ്ങളും നടത്തും. മന്ത്രി പറഞ്ഞു.
സാംസ്കാരിക വകുപ്പിലെ രാഷ്ട്രീയവത്കരണം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ്. സാംസ്കാരിക വകുപ്പിലെ വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചിരിക്കുന്ന താത്കാലിക ജീവനക്കാരുടെ നിയമനം പുനഃപരിശോധിക്കും. ഇതിന്മേല് നിയമപരമായ നടപടി സ്വീകരിക്കും. നിയമം തെറ്റിച്ച് എന്തെങ്കിലും ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു.
പല്ലന കുമാരകോടി ആശാന് സ്മാരകം ഏറ്റെടുത്ത് മലയാളത്തിന്റെയും ആശാന് കവിതകളുടെയും ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കും. സര്‍വവിജ്ഞാന കോശത്തിന്റെ പത്താം വാല്യം പരിഷ്കരിച്ച പതിപ്പ് ഉടന്‍ പ്രകാശിപ്പിക്കും. കൂടല്‍മാണിക്യം, ഊരമന ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അമൂല്യ രേഖകളടങ്ങുന്ന താളിയോലകള്‍ പൗരാണിക രേഖകള്‍ എന്നിവ സംരക്ഷിക്കുന്ന പദ്ധതിയും ഉടന്‍ പൂര്‍ത്തിയാക്കും. കേരള ലളിത കലാ അക്കാദമി ചിത്ര ശില്പകലാ സംബന്ധിയായ 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക പെന്ഷന്, അവശ പത്രപ്രവര്‍ത്തക പെന്ഷന്, പ്രമുഖ പത്രപ്രവര്‍ത്തക പെന്ഷന് എന്നിവയില്‍ വന്നിരിക്കുന്ന കുടിശ്ശിക മൂന്നു മാസത്തിനകം നല്‍കുമെന്ന് മന്ത്രി കെ.സി.ജോസഫ്. ഇത് ട്രഷറി സേവിംഗ്സ് ബാങ്ക് വഴി നല്‍കും. പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതി കമ്പ്യൂട്ടര്‍വത്കരിക്കും. പെന്ഷന് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടല്‍ മലയാളത്തിലും പരിഷ്കരിച്ച് ലഭ്യമാക്കും.
സുതാര്യ കേരളം വെബ് അധിഷ്ഠിത പരാതിപരിഹാര സംവിധാനം ജില്ലാ തലത്തിലും ഏര്‍പ്പെടുത്തും. പൊതുജന പരിഹാരത്തിന് ജില്ലാ ആസ്ഥാനത്ത് സുതാര്യകേരളം സെല്‍ രൂപീകരിക്കും. ഓണ്‍ലൈനില്‍ പരാതികളും നിര്‍ദേശങ്ങളും സുതാര്യകേരളത്തിന് അക്ഷയകേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാനുള്ള സൗകര്യവും ലഭ്യമാക്കും. മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: