മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില അത്യന്തം അപകടകരമായിത്തീര്ന്നിരിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ ഉമാഭാരതി അഭിപ്രായപ്പെട്ടു. മായാവതി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനമൊന്നാകെ അരാജകത്വത്തിലമര്ന്നിരിക്കയാണ്. സാധാരണക്കാരന് പ്രാണഭയം മൂലം പുറത്തേക്കിറങ്ങാന്‍ പറ്റാത്തസാഹചര്യമാണ് ഇവിടെയുള്ളത്, അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഉമാഭാരതി. സംസ്ഥാനത്തെ പോലീസുകാര്‍പോലും കൊടും കുറ്റവാളികളായി പരിണമിച്ചിരിക്കുകയാണെന്നും ക്രമസമാധാന പാലകര്തന്നെ ക്രമസമാധാന ഭഞ്ജകരാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് വിഘടന വാദികളില്‍നിന്നും ഭീഷണി നേരിടുകയാണെന്നും, ഇവിടുത്തെ ഹരിത് പ്രദേശ് മേഖല ഒരു മിനി പാക്കിസ്ഥാനായി മാറിക്കൊണ്ടിരിക്കയാണെന്നും ഉമാഭാരതി വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ ലക്ഷ്മിപ്പൂര് ജില്ലയിലാണ് പതിനാലുകാരിയെ കൂട്ടബലാത് സംഗത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ പോലീസുകാര്‍ക്കും പങ്കുണ്ടെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയതോടു കൂടി മായാവതി സര്‍ക്കാരിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: