കൊടുംകാടുകള്ക്കുളളില് വനജീവികളില് നിന്ന് രക്ഷനേടാന്‍ വനവാസികള്‍ തലമുറകളായി ഉപയോഗിച്ച ഏറുമാടങ്ങളെ സുഖവാസത്തിനും വിനോദത്തിനും ഭരണനടത്തിപ്പുകള്ക്കുമുളള കേന്ദ്രങ്ങളാക്കി മാറ്റിയത് വെളളക്കാരാണ്.
വയനാട്ടില്‍ പഴശ്ശി സമരങ്ങളുടെ കൊട്ടിക്കലാശത്തോടെ ആരംഭിച്ച ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തായിരുന്നു ഇതും. ഇവയെ സ്രാമ്പികള് അഥവാ ഹട്ടുകളെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ ഇവ അടയാളപ്പെടുത്തിയിരിക്കുന്നത്.
വെളളക്കാര്‍ നടപ്പാക്കിയ വനനയങ്ങളുടെ ഭാഗമായി 1882 ല്‍ 1,87,698 ഏക്കര്‍ വിസ്തൃതി ഉണ്ടായിരുന്ന വയനാടന്‍ വനമേഖലയെ പതിനാല് ബ്ലോക്കുകളായി വിഭജിച്ച് ആറു വീതം റിസര്‍വ് ലാന്‍ഡ് ഏരിയകളും രണ്ട് പ്രത്യേക മേഖലകളും രൂപീകരിച്ചു. അവര്‍ നടപ്പാക്കിയ നയങ്ങളുടെ തുടര്‍ച്ചയായി സംരക്ഷിത വനത്തില്‍നിന്ന് പ്രത്യേക അളവുകളിലുളള മരങ്ങള്‍ മുറിച്ചു നീക്കുകയും വീണുകിടക്കുന്നവ സ്വകാര്യ കച്ചവടക്കാര്‍ക്ക് നല്‍കാനും തുടങ്ങി.
ഈ ആവശ്യങ്ങളുടെ മേല്‍നോട്ടത്തിനും സുഖവാസത്തിനുമാണ് യൂറോപ്യന്മാര് സ്രാമ്പികളെന്ന ഏറുമാടങ്ങള്‍ സ്ഥാപിച്ചത്. വിദേശ ആധിപത്യത്തിന്റെ അടയാളമായാണ് വനവാസികള്‍ ഇതിനെ നോക്കിക്കണ്ടത്. വനവാസി സമൂഹങ്ങളെ നിരീക്ഷിക്കാനും ഇത് അവര്‍ ഉപയോഗപ്പെടുത്തി. 1885-86 കാലത്താണ് ചെതലയം റെയ്ഞ്ചില്‍ പെട്ട പാക്കം സ്രാമ്പി സ്ഥാപിച്ചത്. ഇന്നത്തെ പുല്‍പ്പളളി-മാനന്തവാടി വനപാതയോരത്ത് നാശോന്മുഖമായ ഈ സ്മാരകം അല്‍പ്പം അവശേഷിക്കുന്നതേയുളളൂ. ഇതേകാലത്ത് സ്ഥാപിച്ച ബേഗൂര്‍ , മുത്തങ്ങ, തോല്‍പ്പെട്ടി സ്രാമ്പികളാണ് വലിയ പരിക്കുകളില്ലാതെ കാത്തു സൂക്ഷിക്കുന്നത്.
കബനി നദിയും അതിന്റെ കൈവഴികളേയും മരം കടത്താനുളള ജലപാതയായി ഉപയോഗിച്ചതും ഇക്കാലത്താണ്. വേനല്‍ക്കാലത്ത് മുറിച്ചെടുക്കുന്ന വിലപിടിപ്പുളള മരങ്ങള്‍ വര്‍ഷകാലത്ത് കബനിയും ഉപശാഖകളും കരകവിയുന്നതോടെ പുഴയിലേക്ക് തളളിയിട്ട് കബനിയിലൂടെ മൈസൂറിലെത്തിച്ച് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. കബനിക്കരയിലെ മരക്കടവും മരക്കടവ് ഡിപ്പോയുമെല്ലാം ആ മരക്കടത്തിന്റെ ചരിത്രശേഷിപ്പുകളാണ്.
ചരിത്ര സംഭവങ്ങളോടും സ്മാരകങ്ങളോടും മലയാളി സമൂഹം വെച്ചുപുലര്‍ത്തുന്ന നിഷേധാത്മകത മൂലം ഇതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. കൊളോണിയല്‍ കാലത്ത് യൂറോപ്യന്മാര് നേരിട്ടു നടത്തിയ സ്രാമ്പികളും ആഗോളീകരണ പരിഷ്കാരങ്ങളുടെ ചുവടു പിടിച്ച് നമ്മുടെ വനമേഖലയില്‍ ഇന്നുകാണുന്ന റിസോര്‍ട്ടുകളും യൂറോപ്യന്‍ സംസ്കാരത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.
ഇംഗ്ലീഷുകാര്‍ വനത്തെ പരിപാലിച്ചുകൊണ്ടാണ് സ്രാമ്പികളെ ഉപയോഗപ്പെടുത്തിയതെങ്കില്‍ ഇന്ന് തദ്ദേശീയര്‍ നടത്തുന്ന റിസോര്‍ട്ടുകള്‍ പലതും കാടിനും നാടിനും വലിയ ഭീക്ഷണികളാവുകയാണെന്ന് നിയമ പാലകര്‍ ചൂണ്ടിക്കാട്ടുന്നു.
നൂറ്റി മുപ്പത് വര്‍ഷം മുമ്പ് യൂറോപ്യന്മാര് സ്ഥാപിച്ച സ്രാമ്പികളെന്ന ഏറുമാടങ്ങളും അടുത്ത കാലത്ത് വിനോദസഞ്ചാര വ്യവസായത്തിന്റെ പേരില്‍ തുടങ്ങിയ റിസോര്‍ട്ടുകളും നാടിനും കാടിനും നല്കിയ സംഭാവനകള്‍ വിലയിരുത്തേണ്ടതാണ്. ആദ്യത്തേത് മരം വ്യവസായം ലക്ഷ്യം വെച്ചായിരുന്നുവെങ്കില്‍ റിസോര്‍ട്ട് വ്യവസായത്തിന്റെ ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന വ്യത്യാസം.
9495783691
പ്രതികരിക്കാൻ ഇവിടെ എഴുതുക: